തിരുവനന്തപുരം: സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടും. വില കൂട്ടുന്നതടക്കം സപ്ലൈകോ പുനഃസംഘടനയെ കുറിച്ചുള്ള പ്രത്യേക സമിതി റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിലകൂട്ടാൻ എൽഡിഎഫ് നേരത്തെ അനുമതി നൽകിയെങ്കിലും നവകേരള സദസ് തീരാൻ കാത്തിരിക്കുകയായിരുന്നു.
2016 മെയ് മുതൽ 13 ഇനം അവശ്യസാധനങ്ങൾക്ക് സപ്ലൈകോയിൽ ഒരേ വിലയാണ്. പിണറായി സര്‍ക്കാര്‍ പ്രധാന നേട്ടമായി എണ്ണിയിരുന്ന അവശ്യസാധന സബ്സിഡിയിൽ കാലോചിതമായ മാറ്റമില്ലാതെ പറ്റില്ലെന്നായിരുന്നു സപ്ലൈകോയുടെ നിലപാട്. ഒന്നുകിൽ നഷ്ടം നികത്താൻ പണം അല്ലെങ്കിൽ വിലകൂട്ടാൻ അനുമതി എന്ന കടുംപിടുത്തത്തിൽ വില കൂട്ടാൻ ഇടത് മുന്നണി കൈകൊടുക്കുകയായിരുന്നു. കടം കയറി കുടിശിക പെരുകി കരാറുകാര്‍ പിൻമാറിയതോടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായ സപ്ലൈകോയെ കരകയറ്റാനാണ് വിലവര്‍ദ്ധനയ്ല്ലാതെ കുറുക്കുവഴികളില്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടേയും വിലയിരുത്തൽ. പല ഉത്പന്നങ്ങൾക്കും നിലവിൽ അമ്പത് ശതമാനത്തിൽ അധികം ഉള്ള സബ്സിഡി കുത്തനെ കുറക്കാനുള്ള നിര്‍ദ്ദേശങ്ങൾക്കാണ് മുൻഗണനയെന്നാണ് വിവരം.