ന്യൂഡല്‍ഹി: 2023 ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാഡ്മിന്റണിലെ മഹത്തായ സംഭാവനകള്‍ക്ക് ബാഡ്മിന്റണ്‍ ജോഡികളായ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിനാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം. ദേശീയ യുവജനകാര്യ, കായിക മന്ത്രാലയം ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ജനുവരി ഒമ്പതിന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സമീപകാലത്ത് ഇന്ത്യന്‍ ബാഡ്മിന്റണില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ സഖ്യമാണ് സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം സമ്മാനിക്കുന്നതില്‍ സഹായിച്ചവരാണ് ഈ സഖ്യം.
പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ സഖ്യം വെള്ളിയും സ്വന്തമാക്കി. പിന്നാലെ 2022ല്‍ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണം. മിക്‌സഡ് ടീം ഇനത്തില്‍ വെള്ളി നേടി. അതേവര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല നേട്ടം. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഡബിള്‍സ് ഇനത്തില്‍ സ്വര്‍ണവും പുരുഷ ടീം ഇനത്തില്‍ വെള്ളിയും നേടി