കടമെടുപ്പ് പരിധി കുറച്ച നടപടി മരവിപ്പിച്ച് കേന്ദ്രം ; കേരളത്തിന് താല്‍ക്കാലിക ആശ്വാസം



ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കേരളത്തിന് താല്‍ക്കാലിക ആശ്വാസമായി കടമെടുപ്പ് പരിധി കുറച്ചു നടപടി കേന്ദ്രം മരവിപ്പിച്ചു

ഇതോടെ 2000 കോടി രൂപ അടിയന്തരമായി എടുക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്. കടമെടുപ്പ് പരിധിയില്‍ 3240 കോടി രൂപ കുറച്ച നടപടി ആണ് കേന്ദ്രം മരവിപ്പിച്ചത്. ഈ പണം കൊണ്ട് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാനാണ് നീക്കം.

ഒരു വര്‍ഷത്തേക്കാണ് കേന്ദ്രം നടപടി മരവിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രസര്‍ക്കാരുമായി നിരന്തരം നടത്തിയ കത്തിടപാടുകളുടെ ഭാഗമായാണ് കേന്ദ്രം തീരുമാനം ഒരു വര്‍ഷത്തേയ്ക്ക് നീട്ടിയത്. ഇതോടെ ഡിസംബര്‍ 19ന് കേരളം 2000 കോടി രൂപ കടമെടുത്ത് ക്രിസ്മസ് പ്രമാണിച്ചുള്ള രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സാമ്പത്തിക വര്‍ഷം 3800 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുവാദം നല്‍കിയിരുന്നു. ഇതില്‍ 2000 കോടി സംസ്ഥാനം കടമെടുക്കുകയും ചെയ്തിട്ടുണ്ട്. 3140.7 കോടി രൂപ കൂടി കടമെടുക്കാന്‍ അനുവദിച്ചതോടെ ഈ സാമ്പത്തിക വര്‍ഷം 5000 കോടി രൂപയോളം കേരളത്തിന് കടമെടുക്കാന്‍ കഴിയും. കിഫ്ബിയും പെന്‍ഷന്‍ കമ്പിനിയും എടുത്ത വായ്പകളുടെ പേരിലായിരുന്നു കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും 3140.7 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

പെന്‍ഷന്‍ കമ്പനിയും കിഫ്ബിയും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 9422.1 കോടി രൂപ കടമെടുത്താതായാണ് സിഎജിയുടെ കണക്ക്. അതേസമയം കടമെടുക്കല്‍ പരിധി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചെങ്കിലും അടുത്ത വര്‍ഷം ഇരട്ടിയോളം തുക കടമെടുപ്പ് പരിധിയില്‍ നിന്ന് വെട്ടിക്കുറയ്ക്കുമോ എന്ന ആശങ്കയും നില നില്‍ക്കുന്നുണ്ട്.
Previous Post Next Post