ഗള്‍ഫ് യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികൾ : ക്രിസ്മസ്-പുതുവത്സര സീസണ്‍ മുന്നില്‍ക്കണ്ട് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു



തിരുവനന്തപുരം : ഗള്‍ഫ് യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികൾ. ക്രിസ്മസ്-പുതുവത്സര സീസണ്‍ മുന്നില്‍ക്കണ്ട് യാതൊരു നിയന്ത്രണവുമില്ലാതെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് യാത്രക്കാരക്ക് കനത്ത പ്രഹരമായി.

വിമാനക്കമ്പനികളുടെ സീസണ്‍ കണ്ടുള്ള വര്‍ധനവിന് പുറമേ ട്രാവല്‍ ഏജന്‍സികള്‍ കൂട്ടത്തോടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതും ഗള്‍ഫിലേക്കും തിരിച്ചുമുള്ള നിരക്ക് കുത്തനെ കൂട്ടി.

ക്രിസ്മസ് അവധി ആഘോഷിക്കാന്‍ ഗള്‍ഫിലേക്ക് പോകുന്നവര്‍ക്കും നാട്ടിലേക്ക് വരാനിരിക്കുന്നവരെയുമാണ് നിരക്ക് വര്‍ധനവ് വെട്ടിലാക്കിയത്.

 കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ടിക്കറ്റിന് മൂന്നിരട്ടിയോളമാണ് വര്‍ധിപ്പിച്ചത്. ഗള്‍ഫില്‍ നിന്ന് കേരളത്തി ലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയും വര്‍ധിച്ചു. ഡിസംബര്‍ മുതല്‍ വിമാനക്കമ്പ നികള്‍ ടിക്കറ്റ് നിരക്ക് വര്‍ധന നേരത്തേ പ്രഖ്യാപിച്ചിരുന്നു 

കമ്പനികൾ മാസങ്ങള്‍ക്ക് മുമ്പേ ഏജന്‍സികളുമായി നിരക്കില്‍ ധാരണയുണ്ടാക്കി, ഗ്രൂപ്പ് ടിക്കറ്റിന്റെ മറവില്‍ പകുതിയോളം ടിക്കറ്റുകള്‍ മറിച്ചുനല്‍കും. ഇതോടെ വെബ്സൈറ്റുകളില്‍ ടിക്കറ്റുകളുടെ എണ്ണം കുറയുകയും ആവശ്യക്കാര്‍ കൂടുകയും ചെയ്യും.

ശേഷിക്കുന്ന ടിക്കറ്റുകള്‍ക്ക് കമ്പനികള്‍ക്ക് തോന്നിയപോലെ നിരക്ക് വര്‍ധിപ്പിക്കാം. നിരക്കിളവ് പ്രതീക്ഷിച്ച് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കില്ല.

 എയര്‍ ഇന്ത്യയുടെ സൈറ്റില്‍ ഈ മാസം 20ന് കോഴിക്കോട് നിന്ന് ദുബൈ സെക്ടറിലേക്ക് 35,000 രൂപക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ഇതേദിവസം തന്നെ ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് 30,000 രൂപക്ക് മുകളിലാണ് നിരക്ക്.

10,000 രൂപയില്‍ താഴെയാണ് സാധാരണഗതിയില്‍ ദുബൈ- കോഴിക്കോട് സര്‍വീസിന് വരാറ്. ഇനി ഈ നരക്കില്‍ ടിക്കറ്റെടുക്കാമെന്ന് വെച്ചാലോ, ആവശ്യത്തിന് ടിക്കറ്റ് ഇല്ലെന്ന മറുപടിയാകും കമ്പനികള്‍ തരിക.

 ടിക്കറ്റ് കൂട്ടത്തോടെ എടുത്ത് ട്രാവല്‍ ഏജന്‍സികള്‍ പൂഴ്ത്തിവെക്കുന്നതാണ് ഇതിന് കാരണമെന്നാണ് പ്രവാസികള്‍ പറയുന്നത്.

 പൂഴ്ത്തിവെച്ച ടിക്കറ്റുകള്‍ സീസണ്‍ ആരംഭിക്കുമ്പോള്‍ ട്രാവല്‍ ഏജന്‍സികള്‍ പുറത്തെടുക്കും. സൈറ്റുകളിലുള്ളതിനേക്കാള്‍ 1,000 രൂപ വരെ ഏജന്‍സികള്‍ കുറച്ച് നല്‍കുമെങ്കിലും പലമടങ്ങ് ലാഭം ഇവരിലേക്കെത്തും.

 കണ്ണൂര്‍, കരിപ്പൂര്‍, കൊച്ചി വിമാനത്താവ ളങ്ങളില്‍ നിന്ന് ദുബൈ, അബൂദബി, ഷാര്‍ജ വിമാനത്താവളങ്ങളിലേക്ക് യാത്രചെയ്യണ മെങ്കില്‍ ഈ മാസം 26 മുതല്‍ ജനുവരി എട്ടുവരെ 35,555 മുതല്‍ 44,037 രൂപ വരെയാണ് നിരക്ക്. 12,000ത്തില്‍ നിന്നാണ് ഈ വര്‍ധന.

ക്രിസ്മസ്, പുതുവത്സരാഘോഷവും ഗള്‍ഫില്‍ വിദ്യാലയങ്ങളുടെ അവധിക്കാലവും മുന്‍കൂട്ടിക്കണ്ടാണ് ഈ കൊള്ള. കേരളത്തില്‍ നിന്ന് യു എ ഇ സെക്ടറില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് ഈ മാസം ഒന്ന് മുതല്‍ നാല് മുതല്‍ ആറിരട്ടി വരെ നിരക്ക് വര്‍ധിപ്പിച്ചു.

നിലവിലെ 13,500 രൂപ 78,000 ആകും. ദുബൈയില്‍ നിന്ന് കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഈ മാസം എട്ട് മുതല്‍ 22 വരെ 32,880 മുതല്‍ 42,617 രൂപ വരെയാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്.

 ഷാര്‍ജ, അബൂദബി വിമാനത്താവളങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഈ മാസം അവസാന ത്തില്‍ 31,907 മുതല്‍ 42,117 രൂപ വരെയാണ് യാത്രാനിരക്ക്.
Previous Post Next Post