സർക്കാർ അനാസ്ഥ; ശബരിമല ദർശനം കിട്ടാതെ തീർത്ഥാടകർ, പന്തളത്ത് തേങ്ങയുടച്ച് മാലയൂരി മടങ്ങുന്നു


പത്തനംതിട്ട : തിരക്ക് നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതോടെ വ്രതമെടുത്ത് അയ്യപ്പദർശനത്തിനായി എത്തിയ ഭക്തർ മടങ്ങുന്നു. മണിക്കൂറുകൾ കാത്തു നിന്നിട്ടും ദർശനം ലഭിക്കാതായതോടെയാണ് പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീർത്ഥാടകർ മാലയൂരി മടങ്ങുന്നത്. തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തുന്ന തീർത്ഥാടകരാണ് സന്നിധാനത്തെത്താനാകാതെ പന്തളത്ത് നിന്നും മടങ്ങിയത്. ദർശനം കിട്ടാതെ തിരികെ മടങ്ങുന്നവരിൽ മലയാളികളുമുണ്ട്.

മണിക്കൂറുകളോളം കാത്തിരുന്നിട്ടും മല ചവിട്ടാനാകാതെയായതോടെയാണ് ഭക്തർ മടങ്ങിപ്പോകുന്നത്. ഇന്നും തിരക്കിന്‌ല ഒട്ടും ശമനമില്ല. കെഎസ്ആർടിസി ബസുകൾ മണിക്കൂറുകൾ പിടിച്ചിടുന്ന സാഹചര്യത്തിൽ പത്ത് മണിക്കൂറോളമാണ് പലർക്കും കാത്തിരിക്കേണ്ടി വരുന്നത്. പമ്പയിൽ നിന്നും പത്ത് മിനിറ്റിൽ രണ്ട് ബസ് എന്ന നിലയിലാണ് കെഎസ്ആർടിസി ബസുകൾ കടത്തി വിടുന്നത്. പല വാഹനങ്ങളും മണിക്കൂറുകളോളം കാനന പാതയിൽ പിടിച്ചിട്ടിരിക്കുകയാണ്. തിരക്കും നിയന്ത്രണവും തുടരുന്നതിനിടെ ഇന്ന് 89,981 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്.

അതേസമയം ശബരിമലയിൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഭക്ത ജനങ്ങൾ യാതന അനുഭവിക്കുന്ന സാഹചര്യമുണ്ടെന്നും വിഷയം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് ടി. എൻ പ്രതാപൻ എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡും പോലീസും പരസ്പരം പഴിചാരി സമയം കളയുകയാണെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് പ്രതാപന്റെ ആവശ്യം.
Previous Post Next Post