കോട്ടയം: വൈക്കത്ത് റേഷൻകടയിൽ നിന്നു ലഭിച്ച അരിയിൽ പുഴു കയറി എന്നാരോപിച്ച് സപ്ലൈകോ ഓഫിസിനു മുന്നിൽ ഗൃഹനാഥന്റെ പ്രതിഷേധം. പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രതിഷേധത്തിന് പിന്തുണയുമായെത്തി. താലൂക്കിലെ റേഷൻ കടകളിൽ വിതരണം ചെയ്യുന്ന അരിയെ കുറിച്ച് പരാതി വ്യാപകമായിട്ടും ഭക്ഷ്യ വകുപ്പ് നടപടി എടുക്കുന്നില്ലെന്ന വിമർശനം ശക്തമാണ്. വൈക്കം ഉദയനാപുരം നേരേകടവ് വെള്ളാമ്പറത്ത് വി എസ് സന്തോഷാണ് പുഴു നിറഞ്ഞ അരിയുമായി സപ്ലൈ ഓഫീസിൽ പ്രതിഷേധത്തിന് വന്നത്.
നേരേകടവിലെ എട്ടാം നമ്പർ റേഷൻകടയിൽ നിന്ന് വാങ്ങിയ 20 കിലോ കുത്തരിയുമായിട്ടായിരുന്നു സമരം. കടയിൽ നിന്ന് താൻ വാങ്ങിയ അഞ്ചു കിലോ പച്ചരിയിലും പുഴുക്കളുണ്ടായിരുന്നെന്ന് സന്തോഷ് ആരോപിച്ചു. വൈക്കം താലൂക്കിലെ 43 റേഷൻ കടകളിൽ കേടായ അരി ലഭിച്ചിരുന്നു. അരി നൽകുന്ന രണ്ടു സ്വകാര്യ മില്ലുകൾ വിതരണം ചെയ്ത അരിയിലാണ് പുഴുക്കളുണ്ടായിരുന്നതെന്ന് ഭക്ഷ്യ വകുപ്പ് അധികൃതർ അറിയിച്ചു. കേടായ അരിക്ക് പകരം നല്ല അരി മാറ്റി നൽകാൻ നടപടി എടുത്തിട്ടുണ്ടെന്നും ഇതിനിടയിൽ റേഷൻ കടക്കാരിൽ ഒരാൾക്ക് അബദ്ധം പറ്റിയാണ് കേടായി അരി വിതരണം ചെയ്തതെന്നും താലൂക്ക് സപ്ലൈ ഓഫീസർ പ്രതികരിച്ചു.