ശബരിമലയിൽ വൻഭക്തജനത്തിരക്ക്: നിയന്ത്രണങ്ങളും പാളുന്നു; വൃദ്ധരും കുട്ടികളും ക്യൂ നിന്നത് മണിക്കൂറുകളോളം

 


പത്തനംതിട്ട: മണ്ഡല മകരവിളക്ക് സീസൺ ആയതോടെ ശബരിമലയിൽ ഭക്തജനത്തിരക്ക് ശക്തമാകുന്നു. ഇതോടെ നിയന്ത്രണങ്ങളും പാളുന്നതായി റിപ്പോർട്ട്. നിലവിൽ ശബരിമലയിൽ പ്രതിദിനം എത്തുന്ന തീർഥാടകരുടെ എണ്ണം ഒരുലക്ഷത്തോളം എത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മല കയറുന്നവരും ഇറങ്ങുന്നവരും ഒരേ വഴിയിൽ എത്തിയതോടെ കഴിഞ്ഞ ദിവസം നിയന്ത്രണം പാളിയിരുന്നു. ഇതോടെ ഒമ്പത് മണിക്കൂറോളം സമയമാണ് ഭക്തർക്ക് ക്യൂവിൽ കാത്തു നിക്കേണ്ടതായി വന്നത്. എന്നിട്ടും ഉത്തരവാദപ്പെട്ടവരുടെ ഇടപെടിൽ ഉണ്ടായില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.തീർഥാടകർക്ക് വിശ്രമിക്കാനും ക്യൂ നിൽക്കാനും നിർമ്മിച്ച വലിയ നടപ്പന്തൽ ഒഴിച്ചിട്ടതോടെയാണ് പാതകളിൽ ഭക്തരുടെ നീണ്ട നിര ഉണ്ടായത്. ഇതിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ പ്രായമേറിയവരും കുട്ടികളും ഏറെ ബുദ്ധിമുട്ടി. ഇതിനിടയിൽ ഒരു ക്യൂവിൽ നിന്നും എളുപ്പത്തിലെത്തുന്നിടത്തേക്ക് പലരും മാറി കയറിയത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമായി.


ക്യൂവിൽ മണിക്കൂറുകൾ നീണ്ട് നിന്നതോടെ പലർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഒമ്പതു മണിക്കൂറോളം ക്യൂവിൽ നിന്നവർ പലരും ഇരിക്കാൻ പോലും ഇടമില്ലാതെ വലഞ്ഞു. ബാരിക്കേഡിനുള്ളിൽ നിന്ന് മടുത്തവർ വനത്തിലേക്ക് ചാടി അതു വഴി നിലവിലുള്ള ക്യൂവിലേക്ക് വീണ്ടും തള്ളിക്കയറാൻ ശ്രമിച്ചു.വെള്ളിയാഴ്ച രാത്രിയോടെ തുടങ്ങിയ പ്രശ്‌നങ്ങൾ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ കൂടുതൽ വഷളാകുകയായിരുന്നു. പമ്പയിൽ വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കെത്തിയ തീർഥാടകർ സന്നിധാനത്ത് എത്തിയത് ഏകദേശം ഒമ്പത് മണിക്കൂറോളം വൈകിയിരുന്നു.

തീർഥാടകരുടെ നീണ്ട നിര ശരംകുത്തിയും പിന്നീട്ട് നീങ്ങിയിട്ടും വലിയ നടപ്പന്തലിലേക്ക് ആളെ കടത്തി വിട്ടില്ല. ഇതോടെ പ്രയാസത്തിലായത് കുത്തനെ കയറ്റവും ഇറക്കവുമുള്ള ഭാഗത്ത് ക്യൂ നിന്നവരാണ്. പ്രായഭേദമന്യേ ഇവിടെ നിന്നവർ ദുരിതത്തിലായി. ഒരിഞ്ചു പോലും ക്യൂ അനങ്ങിയില്ല. തീർഥാടകർ ക്ഷീണിതരായി. ഇതോടെ ബാരിക്കേഡിൽ നിന്ന് പുറത്തിറങ്ങിയവർ യു ടേൺ മുതൽ കെഎസ്ഇബി വരെ തടിച്ചു കൂടി നിന്നു. ദർശനം കഴിഞ്ഞ് തീർഥാടകർ മടങ്ങുന്ന പാതയിലായിരുന്നു ഇവരുടെ നിൽപ്പ്. ഇത് തിക്കും തിരക്കമുണ്ടാകാൻ കാരണമായി. വീണ്ടും ശനിയാഴ്ച ഉച്ചയ്ക്കും ഇതേ തിരക്ക് നിയന്ത്രണം തകരാൻ ഇടയാക്കി.ശരംകുത്തിയിലെ ബാരിക്കേഡിൽ ക്യൂ നിന്ന് മടുത്തവർ വനത്തിനുള്ളിലൂടെ ചന്ദ്രാനന്ദൻ റോഡിലെത്തി. ഇവിടെ ക്യൂ നിൽക്കുന്നവരുടെ ഇടയിലേക്ക് ഇവർ തള്ളിക്കയറാൻ ശ്രമിച്ചത് തിക്കും തിരക്കിനുമിടയാക്കി. വരും ദിവസങ്ങളിൽ തെരക്ക് വീണ്ടും ഏറുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. തീർഥാടക ക്ഷേമത്തിന് അടിയന്തിര നടപടികൾ ആവശ്യമാണെന്ന വാദവും ഉയരുന്നുണ്ട്.
Previous Post Next Post