മണിപ്പൂരിൽ വീണ്ടും സംഘർഷം. മോറെയിൽ അക്രമികളും സുരക്ഷാസേ തമ്മിൽ വെടിവയ്പ്പ്. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ആക്രമികൾ പ്രദേശത്തെ രണ്ടു വീടുകൾക്ക് തീയിട്ടു. വൈകിട്ട് 3:30ഓടെയാണ് മണിപ്പൂരിലെ മോറെയിൽ സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പെട്രോളിംഗ് നടത്തിയ പോലീസ് വാഹനവ്യൂഹത്തിനു നേരെ ആക്രമികൾ വെടിയുതിർത്തു. അപ്രതീക്ഷിത വെടിവെപ്പിൽ ഒരു പോലീസുകാരന് പരിക്കേറ്റു. തുടർന്ന് സുരക്ഷാസേന അക്രമികൾക്ക് നേരെ തിരിച്ചടിച്ചു.
ആക്രമികൾ സുരക്ഷാ സേനയ്ക്ക് നേരെ ഐഇഡി പ്രയോഗിച്ചതായും റിപ്പോർട്ട് ഉണ്ട്. അക്രമികൾ പ്രദേശത്തെ രണ്ടു വീടുകൾക്കും തീവച്ചു. സംഘർഷത്തിൽ ആളപായം ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥൻ അസം റൈഫിൾസിന്റെ ക്യാമ്പിൽ ചികിത്സയിൽ കഴിയുകയാണ്. ഏറ്റുമുട്ടലിലെ തുടർന്ന് മേഖലയിൽ കനത്ത സുരക്ഷ ഒരുക്കി. ആയുധധാരികളായ അക്രമികൾക്കായുള്ള തിരച്ചിലും സേന ഊർജ്ജിതമാക്കി.