ശബരിമല : മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തുന്നതായി പരാതി.
പതിനെട്ടാംപ്പടിയ്‌ക്കും തിരുനടയ്‌ക്കും മുന്നിലുള്ള ഉദ്യോഗസ്ഥരാണ് ബലപ്രയോഗം നടത്തുന്നത്. തീർത്ഥാടകസൗഹൃദ സമീപനമൊരുക്കണമെന്ന ദേവസ്വം മന്ത്രിയുടെ നിർദ്ദേശം നിലനിൽക്കെയാണിത്. കഴിഞ്ഞ ദിവസം സന്നിധാനത്ത് പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ബലപ്രയോഗം നടത്തുന്നുവെന്ന പരാതി ഉയർന്നത്.
മലചവിട്ടുന്ന വൃദ്ധരോട് പോലും ഉദ്യോഗസ്ഥർ ക്രൂരമായി പെരുമാറുന്നു എന്നാണ് ആരോപണം. പതിനെട്ടാംപ്പടിയ്‌ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പിടിച്ചുതള്ളുന്നതിനാൽ ഭക്തർ കൊടിമരച്ചുവട്ടിലേക്ക് നിലതെറ്റി വീഴാറുണ്ട്. അതിനെല്ലാം പുറമെ ദർശനത്തിന് സമ്മതിക്കാതെ ഭക്തരെ നടയുടെ മുന്നിൽ നിന്ന് ബലമായി തള്ളിനീക്കുന്നതായും ആരോപണമുണ്ട്.