കോഴിക്കോട് : എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് പൊതുപരിപാടിയില്‍ പങ്കെടുക്കും.വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവര്‍ണര്‍ പങ്കെടുക്കുക.
പരിപാടിയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമെ പ്രവേശനമുള്ളു. കാലിക്കറ്റ് സര്‍വകലാശാല സനാധന ധര്‍മ പീഠവും ഭാരതീയ വിചാര കേന്ദ്രവുമാണ് സെമിനാറിന്റെ സംഘാടകര്‍.
ഗവര്‍ണര്‍ക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്‌ഐ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലയുടെ മുഖ്യകവാടത്തിലും ക്യാംപസിലേക്കുള്ള വിവിധ റോഡുകളിലും ഇന്ന് പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കും. ഇന്നലെ രാത്രിയും മിന്നല്‍സമരം നടത്തിയ എസ്എഫ്‌ഐക്കാര്‍ കരിങ്കൊടിയുമായി സനാതനധര്‍മ ചെയറിന്റെ സെമിനാര്‍ ഹാളില്‍ എത്താതെ നോക്കാന്‍ വിശദ പരിശോധന ഉണ്ടാകും. മലപ്പുറം ജില്ലയിലെയും സമീപ ജില്ലകളിലെയും പരമാവധി പൊലീസുകാരെ ഇന്നും ക്യാംപസില്‍ വിന്യസിക്കും.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഇന്ന് സര്‍വകലാശാലയുടെ പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.ബാനറുകള്‍ പൊലീസിനെ ഉപയോഗിച്ച് ഇന്നലെ രാത്രി നീക്കിയതിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീണ്ടും ബാനര്‍ ഉയര്‍ത്തിയിരുന്നു.
ഇന്ന് രാത്രി ഗവര്‍ണര്‍ മടങ്ങുംവരെ പൊലീസ് വലയത്തലായിരിക്കും ഗസ്റ്റ്ഹൗസ്. ഇന്നലെ ഗെസ്റ്റ്ഹൗസ് പരിസരം പ്രത്യേക സുരക്ഷാമേഖലയാക്കി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഗെസ്റ്റ് ഹൗസിലെ ജീവനക്കാര്‍ക്ക് ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് യൂണിഫോം നിര്‍ബന്ധമാക്കി.
അതേസമയം ഗവര്‍ണര്‍ക്കെതിരെ 'സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള' എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് സംസ്ഥാനത്തെ 2,000 കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നും പ്രതിഷേധ ബാനര്‍ ഉയര്‍ത്തുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു