യാത്രക്കാരി കുഴഞ്ഞുവീണു, ആംബുലൻസായി കെഎസ്ആർടിസി ബസ്, ഹെഡ് ലൈറ്റിട്ടോടിയത് 12 കി.മീ, കൂടെ നിന്ന് യാത്രക്കാർ



ചേര്‍ത്തല: ബസിൽ കുഴഞ്ഞുവീണ യുവതിക്ക് ജീവനക്കാരും യാത്രക്കാരും രക്ഷകരായതോടെ കെ എസ് ആര്‍ ടി സി ആംബുലന്‍സായി. യുവതിയെയും കൊണ്ട് ബസ് നിർത്താതെ 12 കിലോമീറ്റർ ഓടി ആശുപത്രിയിൽ എത്തിച്ചത് ഡ്രൈവർ വയലാർ ഞാറക്കാട് എൻ എസ് സജിമോനാണ്.  

ചേർത്തല ഡിപ്പോയിൽ നിന്നും ചൊവ്വാഴ്ച രാവിലെ 7.15 ന്  അമൃതാ മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടതാണ് ബസ്. അരൂക്കുറ്റി വടുതലയിൽ നിന്നും എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽലേക്ക്  പോവുകയായിരുന്ന ഹസീനയാണ് ബസില്‍ കുഴഞ്ഞുവീണത്. രാവിലെ  8.30 ഓടെ അരൂർ പള്ളിക്ക് സമീപം ബസ് എത്തിയപ്പോഴാണ് ഹസീന കുഴഞ്ഞുവീണത്.

കൂടെ ഉണ്ടായിരുന്ന സഹയാത്രികർ വെള്ളം കൊടുക്കാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കാത്ത അവസ്ഥയായിരുന്നു. ഇതേതുടർന്ന് അടുത്തുള്ള രണ്ട് സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും ഡോക്ടർമാർ ഉണ്ടായിരുന്നില്ല. ആംബുലൻസ് വിളിച്ചെങ്കിലും അവരും എത്തിയില്ല. യാത്രക്കാര്‍ സഹകരിച്ചതോടെ ഡ്രൈവര്‍ എന്‍ എസ് സജിമോനും കണ്ടക്ടര്‍ സി പി മിനിയും ആ തീരുമാനം എടുത്തു. വാഹനം മറ്റൊരിടത്തും നിര്‍ത്താതെ അമൃത ആശുപത്രിയിലേക്കു കുതിക്കുകയായിരുന്നു.

ഹെഡ് ലൈറ്റിട്ട് സിഗ്നല്‍ ജംഗ്ഷനുകള്‍ കരുതലോടെ കടന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇടക്കിറങ്ങേണ്ട യാത്രക്കാരെല്ലാം സഹകരിച്ചത് ഏറെ സഹായകരമായെന്ന് ഡ്രൈവര്‍ സജിമോനും കണ്ടക്ടര്‍ കലവൂര്‍ സ്വദേശി സി പി മിനിമോളും പറഞ്ഞു. പിന്നീട് അരമണിക്കൂറിന് ശേഷം യുവതി അപകടനില തരണം ചെയ്‌തെന്നുറപ്പാക്കിയാണ് ജീവനക്കാരും യാത്രക്കാരും ആശുപത്രിയിൽ നിന്നും മടങ്ങിയത്.

Previous Post Next Post