പതിനെട്ടാംപടി കയറാനുള്ള കാത്തിരിപ്പ് 18 മണിക്കൂർ, ബുക്കിങ് പൂർണ്ണം; പമ്പ മുതൽ പാതകളും നിറയുന്നു

 


പത്തനംതിട്ട: പൂർണ്ണ തോതിൽ തീർഥാടക ബുക്കിങ് പൂർത്തിയായിരിക്കുന്ന ശബരിമലയിൽ കാനന പാത വഴിയും പമ്പ വഴിയും എത്തുന്നവർ കൂടിയായതോടെ സന്നിധാനവും ശരണ പാതകളും എല്ലാം നിറഞ്ഞു. പമ്പയിൽനിന്ന് സന്നിധാനത്തെത്തി ദർശനം നടത്തി മടങ്ങാൻ മണിക്കൂറുകൾക്ക് പകരം ദിവസങ്ങളിലേക്ക് എത്തുകയാണ്. പതിനെട്ടാംപടി കയറാനുള്ള കാത്തിരിപ്പ് 18 മണിക്കൂർ വരെ നീളുന്നുണ്ട്.വ്യാഴം വൈകിട്ട് മുതലാണ് പമ്പയിൽനിന്ന് തിരക്കേറി തുടങ്ങിയത്. മല കയറ്റത്തിൽ ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളിൽ വലിയ തിരക്കാണ് ഉണ്ടാകുന്നത്. തിരക്ക് നിയന്ത്രിക്കാൻ പോലീസും വോളന്‍റിയര്‍മാരും ശ്രമിക്കുന്നുണ്ടെങ്കിലും ഭക്ത ജന ബാഹുല്യം ഇതിന് തടസമാകുകയാണ്. പമ്പയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും ഭക്ത ജനത്തിരക്കാണ്.പമ്പ മുതൽ മല കയറ്റത്തിനിടയിലും വലിയ നടപ്പന്തലിലും തീർഥാടകർക്കി ചുക്കുവെള്ളവും ബിസ്കറ്റും നൽകുന്നുണ്ട്. സന്നിധാനത്തെത്തിയാൽ സൗജന്യ ഭക്ഷണവും ലഭിക്കും. എന്നാൽ, അവിടേക്ക് എത്തുകയാണ് പ്രയാസം. വിവിധ ഇടങ്ങളിൽ നിയന്ത്രണം വന്നതോടെ മരുന്ന് കഴിക്കാൻ തന്നെ കഴിയുന്നില്ലെന്ന് തീർഥാടകർ പറയുന്നു. ഇതോടെ നിരവധി പേര്‍ ക്യൂ ഒഴിവാക്കി ഇടക്ക് നിന്നും മല ഇറങ്ങുന്നുമുണ്ട്. ഇവർ പന്തളം, പെരുനാട്, പുത്തൻ ശബരിമല തുടങ്ങിയ അയ്യപ്പ ക്ഷേത്രങ്ങളിലെത്തി അഭിഷേകം നടത്തി മടങ്ങുകയും ചെയ്യുന്നുണ്ട്.മകര വിളക്ക് അടുത്തതോടെ എരുമേലി ക്ഷേത്ര ദർശനം നടത്തി കാനന പാതകൾ വഴിയെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുല്ലുമേട് വഴിയും ഭക്തർ നേരെ സന്നിധാനത്തേക്ക് വരികയാണ്. അന്യ സംസ്ഥാങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ അധികവും. തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക, തെലുങ്കാന, പോണ്ടിച്ചേരി, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർ നിരവധിയായി ഈ പാത തെരഞ്ഞെടുക്കുകയാണ്. വനം വകുപ്പിന്‍റെ നിയന്ത്രണങ്ങൾ പാളും വിധമാണ് തിരക്ക്. പമ്പയിൽനിന്ന് ഭക്തരെ മുകളിലേക്ക് കയറ്റി വിടുന്നത് പോലെ കാനന പാത വഴി ഇവരെ അയക്കാൻ കഴിയില്ല. അതിനാൽ കൂടുതൽ ക്രമീകരണങ്ങൾ ആവശ്യവുമാണ്.

Previous Post Next Post