'അഹ്ലന്‍ മോദി' അബുദാബി സമ്മേളനത്തിന് രജിസ്ട്രേഷന്‍ 20,000 കടന്നു



അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംബന്ധിക്കുന്ന അടുത്ത മാസത്തെ 'അഹ്ലന്‍ മോദി' (മോദിക്ക് സ്വാഗതം) അബുദാബി സമ്മേളനത്തിന് രജിസ്ട്രേഷന്‍ 20,000 കടന്നു. ഫെബ്രുവരി 13ന് യുഎഇ തലസ്ഥാന നഗരിയിലെ സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് സ്വീകരണ പരിപാടി.അര ലക്ഷം ഇന്ത്യക്കാര്‍ സംബന്ധിക്കുന്ന ഏറ്റവും വലിയ പ്രവാസി സ്വീകരണ സമ്മേളനമാണ് സ്റ്റേഡിയത്തില്‍ നടക്കുക. സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. അബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി മോദി എത്തുന്നത്. സമ്മേളനത്തിന്റെ തൊട്ടടുത്ത ദിവസം ഫെബ്രുവരി 14ന്നാണ് സായാഹ്ന സമര്‍പ്പണ ചടങ്ങ്.ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. നാല് ദിവസത്തിന് ശേഷം ഫെബ്രുവരി 18 മുതല്‍ ക്ഷേത്രത്തില്‍ എല്ലാര്‍ക്കും പ്രവേശനം അനുവദിച്ചുതുടങ്ങും. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് സ്റ്റേഡിയത്തിലെ സ്വീകരണ ചടങ്ങില്‍ സംബന്ധിക്കാനാവുക. https://ahlanmodi.ae വഴി ഇതുവരെ 20,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി സംഘാടക സമിതി അംഗം അറിയിച്ചു.സ്വീകരണ സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ദുബായിലെ ഇന്ത്യാ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ വിവിധ പ്രദേശങ്ങളെയും ഇന്ത്യന്‍ കമ്മ്യൂണിറ്റികളെയും പ്രതിനിധീകരിച്ച് 350ലധികം നേതാക്കള്‍ സംബന്ധിച്ചിരുന്നു. സ്റ്റേഡിയം നിറയുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ ആസൂത്രണത്തിനും നടത്തിപ്പിനുമായി വിവിധ സന്നദ്ധ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.നരേന്ദ്ര മോദിയുടെ ഏഴാമത് യുഎഇ സന്ദര്‍ശനമാണിത്. 2015ല്‍ മോദിയുടെ സന്ദര്‍ശന വേളയിലാണ് ക്ഷേത്രത്തിനായി ദുബായ്-അബുദാബി ഹൈവേയില്‍ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലം അനുവദിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആണ് ഭൂമിദാനം ചെയ്തത്. രണ്ടു ദിവസം മുമ്പ് ജനുവരി ഒമ്പതിന് അഹമ്മദാബാദില്‍ നടന്ന 10ാമത് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ ഷെയ്ഖ് മുഹമ്മദ് സംബന്ധിച്ചിരുന്നു. മോദിക്കൊപ്പം റോഡ്ഷോയിലും അദ്ദേഹം പങ്കെടുത്തു.

Previous Post Next Post