ഭുവനേശ്വർ: ഭർത്താവിന്റെ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ദുഃഖിതയായ ഭാര്യ ആത്മഹത്യ ചെയ്തു. എന്നാൽ, തൊട്ടുപിന്നാലെ മരിച്ചത് യുവതിയുടെ ഭർത്താവല്ലെന്നും അദ്ദേഹം ഇപ്പോഴും ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഒഡിഷയിലാണ് ദാരുണമായ സംഭവം നടന്നത്. യുവതിയുടെ ഭർത്താവ് ജീവിച്ചിരിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തു. ആശുപത്രിയിലെ എസി പൊട്ടിത്തെറിച്ച് പരിക്കേറ്റ എസി ടെക്നീഷ്യൻമാരിൽ ഒരാളുടെ ഭാര്യയാണ് ജീവനൊടുക്കിയത്. ഇയാൾ മരിച്ചെന്ന് പറഞ്ഞ്, ആശുപത്രി അധികൃതർ കത്തിക്കരിഞ്ഞ മൃതദേഹം നൽകിയതാണ് പ്രശ്നത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. എസി ടെക്‌നീഷ്യനായ ദിലീപ് സാമന്തരായ് (34) അപകടത്തിൽ പരിക്കേറ്റിരുന്നു. ഇയാളുൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. എന്നാൽ, ദിലീപ് മരിച്ചതായി ബന്ധപ്പെട്ട ജീവനക്കാർ കുടുംബത്തെ അറിയിച്ചു. തുടർന്ന് മൃതദേഹവും കൈമാറി. മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു. ഭർത്താവ് മരിച്ച ദുഃഖം സഹിക്കവയ്യാതെ പുതുവത്സര ദിനമായ ജനുവരി ഒന്നിന് ദിലീപിന്റെ ഭാര്യ സോന (24) ആത്മഹത്യ ചെയ്തു. എന്നാൽ വെള്ളിയാഴ്ച ഭുവനേശ്വറിലെ ഹൈടെക് ഹോസ്പിറ്റൽ ദിലീപ് സാമന്തരായ് ജീവിച്ചിരിപ്പുണ്ടെന്നും സോനയ്ക്കും ബന്ധുക്കൾക്കും സംസ്‌കരിക്കാൻ നൽകിയ മൃതദേഹം ദിലീപിന്റെ സഹപ്രവർത്തകൻ ജ്യോതിരഞ്ജൻ മല്ലിക്കിന്റെതാണെന്നും വ്യക്തമാക്കി.
ഡിസംബർ 29 ന് ആശുപത്രിയിൽ പൊട്ടിത്തെറി നടക്കുമ്പോൾ നടക്കുമ്പോൾ ദിലീപ്, ജ്യോതിരഞ്ജൻ, സിമാഞ്ചൽ, ശ്രിതം എന്നിവർ ആശുപത്രിയിലെ എസി സർവീസ് ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ ഇവർക്കെല്ലാം ഗുരുതരമായി പൊള്ളലേറ്റു. ഡിസംബർ 30 ന് ജ്യോതിരഞ്ജൻ മരിച്ചത്. ജനുവരി 3 ന് ശ്രീതാമും മരണത്തിന് കീഴടങ്ങി. എന്നാൽ അപ്പോഴേക്കും ദിലീപിന്റേതെന്ന് കരുതി ആദ്യ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിവരം പുറത്തുവന്നതിന് പിന്നാലെ, നാട്ടുകാർ ആശുപത്രിക്ക് പുറത്ത് പ്രതിഷേധം തുടങ്ങി.
എന്റെ കുടുംബം തകർന്നു. ആശുപത്രി നൽകിയ ഈ തെറ്റായ വിവരത്തിന്റെ പേരിൽ എന്റെ മരുമകൾ ആത്മഹത്യ ചെയ്തു- സോനയുടെ അമ്മാവൻ രബീന്ദ്ര ജെന പറഞ്ഞു. അതിനിടെ, തെറ്റുപറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതർ രംഗത്തെത്തി. എസി നന്നാക്കാൻ ഒരു സ്വകാര്യ സ്ഥാപനമാണ് സാങ്കേതിക വിദഗ്ധരെ ഏർപ്പെടുത്തിയത്. സ്ഫോടനത്തെ തുടർന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചപ്പോൾ സ്ഥാപനവുമായി ബന്ധമുള്ള ഒരു കരാറുകാരനാണ് ഓരോരുത്തരെയും തിരിച്ചറിഞ്ഞതെന്ന് ആശുപത്രിയുടെ സിഇഒ സ്മിത പറഞ്ഞു.
പരിക്കേറ്റ ഓരോ വ്യക്തിയുടെയും ബന്ധുക്കൾ അവരെ ആശുപത്രിയിൽ കണ്ടതായും എല്ലാ നിയമ നടപടികളും മെഡിക്കൽ നടപടിക്രമങ്ങളും പാലിച്ചുവെന്നും അവർ അവകാശപ്പെട്ടു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയ ശേഷം മൃതദേഹം ദിലീപിന്റേതല്ലെന്ന് കുടുംബത്തിൽ നിന്ന് ആരും റിപ്പോർട്ട് ചെയ്തില്ലെന്നും അവർ കൂട്ടിച്ചേർത്തു.