ഡ്രോൺ ക്യാമറകളിലൂടെ നാമിന്ന് കാണുന്ന കാഴ്ചകൾ നേരിട്ട് കാണാൻ കഴിഞ്ഞാലോ? അതാണ് പർവ്വതമാല പദ്ധതിയിലൂടെ കേരളത്തിൽ യാഥാര്‍ത്ഥ്യമാകാൻ പോകുന്നത്. പശ്ചിമഘട്ടമലനിരകളുടെ തുടർച്ചയായ സാന്നിധ്യമുള്ള സംസ്ഥാനമാണ് നമ്മുടേത്. ഈ സംസ്ഥാനത്ത് ഏറ്റവും വിജയകരമായി നടപ്പാക്കാവുന്ന ടൂറിസം പദ്ധതിയും യാത്രാ പദ്ധതിയുമാണ് റോപ്പ്‌വേകൾ. പശ്ചിമഘട്ട മലകളിൽ നിന്ന് താഴെ അറബിക്കടലിലേക്ക് ചെരിഞ്ഞു നിൽക്കുന്ന ഭൂപ്രകൃതിയാണ് കേരളത്തിന്റേതെന്ന് അറിയാമല്ലോ. ഈ പ്രത്യേക ഭൂമിശാസ്ത്രത്തിന് അനുയോജ്യമായ വികസനം പ്രയാസമാണെന്നായിരുന്നു ഏറെക്കാലം നാം വിശ്വസിച്ചിരുന്നത്. എന്നാൽ കുറച്ചു കൊല്ലങ്ങൾക്കിടയിൽ ഈ ചിന്താഗതി മാറി. മലയോരത്തും ഇടനാട്ടിലും തീരപ്രദേശത്തും ഒരുപോലെ വികസനം സാധ്യമാണെന്ന് നാം കണ്ടു. മലയോരപാതയെന്ന പേരിൽ സർവ്വസജ്ജമായ ഒരു തുടർപാത തയ്യാറാകുന്നു. ഇടനാട്ടിലാകട്ടെ എൻഎച്ച് 66 അടക്കമുള്ള നിരവധി പാതകൾ തയ്യാറായിക്കൊണ്ടിരിക്കുന്നു. തീരദേശപാതയും വൈകാതെ നടപ്പിലാകും. മറ്റൊന്ന് ജലപാതകളാണ്. ഇന്ത്യയിൽ മറ്റൊരിടത്തും കാണാത്ത തരത്തിലുള്ള ഒരു യാത്രാ സൗകര്യം ഇങ്ങനെ കേരളത്തിന് സ്വന്തമാകും. ഇതിനെല്ലാം പുറമെയാണ് വരാനിരിക്കുന്ന ഇരുപത്തിനാല് റോപ്പ്‌വേകൾ. ഇവ മലമ്പ്രദേശങ്ങളിൽ യാത്രാസൗകര്യം വലിയ തോതിൽ മെച്ചപ്പെടുത്തും 2023 മാർച്ച് മാസത്തിൽ ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ റോപ്പ്‌വേ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. റോപ്പ്‌വേ പദ്ധതികൾ സംസ്ഥാനങ്ങളാണ് നടപ്പാക്കേണ്ടതെങ്കിലും കേന്ദ്രം അവയ്ക്ക് സഹായങ്ങൾ ചെയ്യും. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും റോപ്പ്‌വേ പദ്ധതിക്കുള്ള പ്രപ്പോസലുകൾ ലഭിച്ചിട്ടുണ്ട്. നിതിൻ ഗഡ്കരി ലോക്സഭയിൽ നൽകിയ മറുപടിയിൽ കേരളത്തിലെ 24 റോപ്പ്‌വേ പദ്ധതികളെക്കുറിച്ച് പറയുന്നുണ്ട്.
എല്ലാ ജില്ലകളിലും റോപ്പ്‌വേകൾ
ഈ പട്ടികയിൽ ഒന്നാമതായി പറയുന്നത് വയനാട് ജില്ലയിലെ അടിവാരം മുതൽ കോഴിക്കോട് ജില്ലയിലെ ലക്കിടി വരെ നീളുന്ന റോപ്പ്‌വേ പദ്ധതിയെക്കുറിച്ചാണ്. പശ്ചിമഘട്ടമലനിരകളിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നിനു മുകളിലൂടെ കേബിൾ കാറുകളിലിരുന്ന് യാത്ര ചെയ്യുക. അസാധ്യമായിരിക്കും കാഴ്ചകൾ. നമ്മുടെ സ്വന്തം കണ്ണുകൾ തന്നെ ഡ്രോൺ ക്യാമറകളായി മാറും. നേരത്തെ വയനാട് ചേംബർ ഓഫ് കൊമേഴ്സ് ഈ പദ്ധതി മുമ്പോട്ടു വെച്ചിരുന്നു. മൂന്നര കിലോമീറ്റർ റോപ്പ്‌വേയാണ് പദ്ധതിയിട്ടിരുന്നത്. അടിവാരവും ലക്കിടിയും തമ്മിലുള്ള റോഡുദൂരം 23 കിലോമീറ്ററാണ്. ഇതാണ് 3.5 കിലോമീറ്ററായി താഴുക.
പറശ്ശിനിക്കടവ് ബസ് സ്റ്റോപ്പ് മുതൽ ക്ഷേത്രം വരെയുള്ള ദൂരത്തേക്ക് ഒരു റോപ്പ്‌വേ പണിയുന്നതാണ് മറ്റൊരു പദ്ധതി. കുടിയാൻമല മുതൽ പൈതൽമല വരെ റോപ്പ്‌വേ പണിയാനും വലിയ സാധ്യതയുണ്ട്. ഇതും കേന്ദ്രം നിർദ്ദേശിക്കുന്ന 24 പദ്ധതികളിൽ പെടുന്നു. കണ്ണൂരിലെ പാലക്കയം തട്ട് മുതൽ പൈതൽമല വരെയുള്ള ദൂരം നിലവിൽ 23.5 കിലോമീറ്ററാണ്. ഇത് ഏഴിലൊന്നായി കുറയ്ക്കും റോപ്പ്‌വേ. കണ്ണൂരിൽ തന്നെ നാൽപ്പത്തിനാലാം മൈൽ മുതൽ അമ്പായംതോട് വരെയുള്ള ദൂരത്തിൽ ഒരു റോപ്പ്‌വേ പണിയാൻ കേന്ദ്രത്തിന്റെ പർവ്വതമാലാ പദ്ധതിയിൽ നിർദ്ദേശമുണ്ട്.
നദികൾക്ക് കുറുകെയും വരും
തവനൂർ നാവാമുകുന്ദ ക്ഷേത്രത്തിൽ നിന്ന് നിളാനദിക്കപ്പുറമുള്ള തവനൂർ ബ്രഹ്മദേവ ക്ഷേത്രത്തിൽ എത്തണമെങ്കിൽ നിലവിൽ ചമ്രവട്ടം പാലം കടന്ന് 16 കിലോമീറ്ററോളം യാത്ര ചെയ്യണം. നിളാനദിക്ക് കുറുകെയാണ് കേന്ദ്രം റോപ്പ്‍വേ പണിയാൻ ഉദ്ദേശിക്കുന്നത്. വെറും ഒന്നോ രണ്ടോ കിലോമീറ്ററിനുള്ളിൽ നിൽക്കും ഈ റോപ്പ്‌വേ. സമയലാഭം വലുത്. രണ്ട് ക്ഷേത്രങ്ങളിലേക്കും തീര്‍ത്ഥാടന ടൂറിസം വളരുകയും ചെയ്യും. തിരുവനന്തപുരം കല്ലാറിൽ നിന്ന് പൊൻമുടിയിലേക്ക് ഒരു റോപ്പ്‌വേ കേന്ദ്രത്തിന്റെ ആലോചനയിലുണ്ട്. വേളി മുതല്‍ ശംഖുമുഖം വരെ നീളുന്ന റോപ്പ്‌വേയാണ് മറ്റൊന്ന്.
കേബിൾ കാറിൽ ശരണംവിളികളുയരും
പമ്പയിൽ നിന്ന് സന്നിധാനത്തെത്താൻ നിലവിൽ നടത്തമാണ് ശരണം. പിന്നെയുള്ള മാര്‍ഗ്ഗം ഡോളികളാണ്. അത് മനുഷ്യാധ്വാനമാണ്. ഭാവിയിൽ ഈ പാതയിൽ റോപ്പ്‌വേകൾ വരും. ശബരിമലയിലെ തിരക്ക് കുറയില്ലെങ്കിലും യാത്രാസൗകര്യം കൂടും എന്നുറപ്പ്. ശാരീരിക വിഷമതകൾ ഉള്ളവർ കൂടുതലായി മലയിൽ എത്തിച്ചേരും. തീർത്ഥാടന ടൂറിസം സ്ഫോടനാത്മകമായി വളരുമെന്ന് ചുരുക്കം.
ഗവിയിൽ നിന്ന് വള്ളക്കടവിലേക്ക് ഒരു റോപ്പ്‌വേ ആയാലോ? അതും സംഭവിക്കാൻ പോകുകയാണ്. ഇതിനകം തന്നെ മികച്ചൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി വളർന്നു കഴിഞ്ഞ വർക്കലയിലെ കാപ്പിൽ ബിച്ചിൽ നിന്ന് പള്ളിക്കര ബീച്ചിലേക്കാണ് മറ്റൊരു റോപ്പ്‍വേ പദ്ധതി ആലോചനയിലുള്ളത്. റോസ്മലയിൽ നിന്ന് തെൻമലയിലേക്ക് വേറൊരു റോപ്പ്‌വേ സഞ്ചരിക്കും.
മലയാളികളുടെ കാഴ്ചാനുഭവങ്ങളെ മാറ്റിമറിക്കുന്ന മറ്റൊരു റോപ്പ്‌വേ വരാൻ പോകുന്നത് ഇടുക്കി ഡാമിന്റെ മുകളിൽ നിന്ന് കാൽവരി മൗണ്ടിലേക്കുള്ളതാണ്. കിടുക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇടുക്കിയിലെ കല്ലാറിൽ നിന്ന് പരുന്തുംപാറയിലേക്കും ഒരു റോപ്പ്‌വേ വരും. മറ്റൊന്ന് പൊൻമുടിയിൽ നിന്ന് പന്നിയാർകുട്ടിയിലേക്കുള്ള റോപ്പ്‍വേയാണ്.
കേരളത്തിലെ അന്തർദ്ദേശീയ ടൂറിസം കേന്ദ്രങ്ങളിലൊന്നായ മൂന്നാറിൽ മാട്ടുപ്പട്ടിയിൽ നിന്ന് വട്ടവടയിലേക്ക് ഒരു റോപ്പ്‌വേ പദ്ധതിയുണ്ട്. ഇടുക്കിയിൽ തന്നെ ഒറ്റക്കാതൽമേട് വ്യൂ പോയിന്റിൽ നിന്ന് കുരിശുമലയിലേക്കും റോപ്പ്‌വേ പദ്ധതി നടപ്പാക്കും. ഇല്ലിക്കൽ മേട്ടിൽ നിന്ന് ഇലവീഴാ പൂഞ്ചിറയിലേക്കാണ് മറ്റൊരു റോപ്പ്‌വേ ആലോചനയിലുള്ളത്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കും
തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളിയിൽ ടിക്കറ്റ് കൗണ്ടറിൽനിന്ന് എതിര്‍വശത്തുള്ള വെള്ളച്ചാട്ടത്തിന്റെ ഭാഗത്തേക്കാണ് മറ്റൊരു റോപ്പ്‌വേ ആലോചിക്കുന്നത്. ചാലക്കുടി ആനമല റോഡിലും ഒരു റോപ്പ്‌വേ പദ്ധതി നടപ്പാക്കും. പാലക്കാട് നെന്മാറയിൽ നിന്ന് സഞ്ചാരികളുടെ സ്വപ്നകേന്ദ്രമായ നെല്ലിയാമ്പതിയിലേക്ക് റോപ്പ്‌വേ പദ്ധതി പർവ്വതമാല പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. മണ്ണാർക്കാടു നിന്ന് മുക്കാലിയിലേക്കുള്ള റോപ്പ്‌വേയാണ് മറ്റൊന്ന്. നെല്ലിയാമ്പതിയിൽ നിന്ന് മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ പറമ്പിക്കുളത്തേക്കും ഒരു റോപ്പ്‌വേ വരും. എറണാകുളത്തെ മണപ്പാട്ടുചിറയിൽ നിന്ന് മലയാറ്റൂരിലേക്കുള്ള റോപ്പ്‌വേ പദ്ധതിയും തീർത്ഥാടകരെക്കൂടി ലക്ഷ്യം വെച്ചുള്ളതാണ്.
ഇങ്ങനെ 24 പദ്ധതികളാണ് പർവ്വതമാല പദ്ധതിയിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും റോപ്പ്‌വേ പദ്ധതികൾ വരും. ഇവ ടൂറിസം സാധ്യതകളെ വലിയതോതിൽ വളർത്തും. നിലവിൽ ഉത്തരേന്ത്യയിൽ വിവിധയിടങ്ങളിൽ റോപ്പ്‌വേ പദ്ധതികൾ നടപ്പിലായിക്കൊണ്ടിരിക്കുന്നുണ്ട്. യുപിയിലെ വാരാണസിയിൽ പണിനടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കമേഴ്സ്യൽ റോപ്പ്‌വേയാണ് ഇവയിലൊന്ന്. 3.75 കിലോമീറ്ററാണ് ഈ റോപ്പ്‌വേയുടെ നീളം. വാരാണസി കന്റോൺമെന്റ് റെയില്‍വേ സ്റ്റേഷനും ഗോദോവ്‌വിയ ചൗക്കും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോപ്പ്‌വേക്കിടയിൽ അഞ്ച് സ്റ്റേഷനുകളുണ്ടായിരിക്കും.