നിയമസഭാ സമ്മേളനം ജനുവരി 25നു തുടങ്ങും; സംസ്ഥാനബജറ്റ് ഫെബ്രുവരി 5ന്





തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25നു തുടങ്ങും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ ആയിരിക്കും ആരംഭം. 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വരെ 32 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 29, 30, 31 തീയതികള്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കായി മാറ്റി വച്ചിരിക്കുന്നു. ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും

ഫെബ്രുവരി 6 മുതല്‍ 11 വരെയുള്ള തീയതികളില്‍ സഭ ചേരുന്നില്ല. തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേരും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ 13 ദിവസം, 2024-25 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതിനായും നീക്കിവച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു.


Previous Post Next Post