പ്രീമിയം ഫോണുകൾ അവതരിപ്പിച്ചതിന് പിന്നാലെ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട് അവതരിപ്പിക്കാനൊരുങ്ങുകയാണ് നത്തിങ്. നത്തിങ്ങ് ഫോൺ 1, നത്തിങ്ങ് ഫോൺ 2 എന്നിവയായിരുന്നു നത്തിങ്ങിന്റെ ആദ്യ ഫോണുകൾ. ഇതിന് പിന്നാലെയാണ് നത്തിങ് 2എ എത്തുന്നത്. വിപണിയിൽ മികച്ച പ്രതികരണമാണ് നത്തിങ് ഫോണുകൾക്ക് ലഭിച്ചുവരുന്നത്. നത്തിങ്ങിൽ നിന്ന് മൂന്നാമതൊരു ഫോൺ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും മറ്റു വിവരങ്ങൾ ലഭിച്ചിരുന്നില്ല.എന്നാൽ ഇപ്പോൾ ഇതിൽ ഒരുസ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. ഫീച്ചറുകളും വിലയും അടക്കമുള്ള വിവരങ്ങൾ വരെ ചോർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയിൽ എത്തിക്കാൻ പോകുന്ന ഫോൺ നത്തിങ് 2എ ആണെന്ന് നത്തിങ് സിഇഒ സ്ഥിരീകരിച്ചത്. ഫോണിലെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
2023 ജൂലൈയിൽ പുറത്തിറക്കിയ നത്തിങ് ഫോൺ 2 ന്റെ വില കുറഞ്ഞ പതിപ്പ് ആയിരിക്കും വരാൻ പോകുന്ന നത്തിങ് 2എ എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത മാസം, അതായത് 2024 ഫെബ്രുവരിയിൽ നത്തിങ് 2എ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ഫെബ്രുവരിയിലാണ് മൊബൈൽ വേൾഡ് കോൺഗ്രസ് നടക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഫെബ്രുവരി 27-ന് ‘നത്തിങ് ടു സീ’ ഇവന്റ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഈ ഇവന്റിൽ വച്ച് നത്തിങ് പുതിയ ഫോൺ പുറത്തിറക്കും എന്നാണ് കരുതപ്പെടുന്നത്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5 ൽ ആയിരിക്കും ഫോണിന്റെ പ്രവർത്തനം. ബ്ലാക്ക്, വൈറ്റ് നിറങ്ങളിൽ നത്തിങ് 2എ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്പിൽ ഇതിന്റെ വില 400 യൂറോയിൽ (ഏകദേശം 36,800 രൂപ) താഴെയായിരിക്കും. ഇന്ത്യൻ വില ഇതിനെക്കാൾ കുറവായിരിക്കും. തങ്ങളുടെ ആദ്യ സ്മാർട്ട്ഫോണായ നത്തിങ് ഫോൺ 1 കമ്പനി പുറത്തിറക്കിയത് 2022 ജൂലൈ 21ന് ആയിരുന്നു. ഒരു വർഷത്തിനിപ്പുറം 2023 ജൂലൈ 11ന് നത്തിങ് ഫോൺ 2 വിപണിയിൽ എത്തിച്ചത്.
ജൂലൈയിൽ ലോഞ്ച് ചെയ്ത നത്തിങ് ഫോൺ 2ന് വില കുറച്ചിരുന്നു. ഫോണിന്റെ അടിസ്ഥാന വേരിയന്റിന്റെ പ്രാരംഭവില 44,999 രൂപ ആയിരുന്നു. എന്നാലിപ്പോൾ ഇതിന് 39,999 രൂപ നൽകിയാൽ മതി. അതേപോലെ അതേപോലെ നത്തിങ് 2 വിന്റെ 12GB/256GB വേരിയന്റ് 44,999 രൂപയ്ക്കും 12GB/512GB വേരിയന്റ് 49,999 രൂപയ്ക്കും ഇപ്പോൾ കിട്ടും.