ലക്‌നൗ: റിപ്പബ്ലിക് ദിനത്തിൽ രാമക്ഷേത്രത്തിലെത്തിയത് മൂന്ന് ലക്ഷത്തിലധികം പേർ. അവധി ദിനമായിരുന്ന വെള്ളിയാഴ്ച 3.25 ലക്ഷം ഭക്തരാണ് ക്ഷേത്രത്തിൽ എത്തി രാംലല്ല ദർശിച്ച് മടങ്ങിയത്.
തുറന്നത് മുതൽ ക്ഷേത്രത്തിലേക്ക് വൻ ഭക്തജന പ്രവാഹം ആണെന്ന് അധികൃതർ അറിയിച്ചു.
ക്ഷേത്രം തുറന്നതിന് ശേഷമുള്ള ആദ്യ അവധി ദിനം ആയിരുന്നു വെള്ളിയാഴ്ച. അതുകൊണ്ടുതന്നെ പതിവിലധികം തിരക്ക് പ്രതീക്ഷിച്ചിരുന്നു. അതിനാൽ ഭക്തർക്ക് സുഗമമമായി ദർശനം നടത്താനുള്ള എല്ലാ സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. പുലർച്ചെ തന്നെ മുതിർന്ന ഉദ്യോഗസ്ഥർ എത്തി ക്ഷേത്രത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി.
ഇതിന് ശേഷം രാവിലെ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡിജിപി എന്നിവരും ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇവർ വൈകീട്ടോടെയാണ് തിരികെ ലക്‌നൗവിലേക്ക് മടങ്ങിയത്.
ക്ഷേത്രത്തിലെ സ്ഥിതിഗതികൾ ഇരുവരും മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.
തിരക്ക് കണക്കിലെടുത്ത് നേരത്തെ തന്നെ ആരതി പൂജയുടെ വിശദാംശങ്ങൾ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടിരുന്നു. പുലർച്ചെ 4.30നുള്ള മംഗള ആരതി മുതൽ 10 മണിയ്ക്കുള്ള ശയന ആരതിവരെയുള്ള വിവരങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.