തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. കഴിഞ്ഞ ദിവസം പകൽ സമയത്തെ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നിരുന്നു. തെക്കേ ഇന്ത്യയിൽ നിന്ന് നാളെയോടെ തുലാവർഷം പൂർണമായും മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ, സംസ്ഥാനത്ത് വരും ആഴ്കച്ചളിൽ അന്തരീക്ഷ താപനില ഗണ്യമായി ഉയർന്നേക്കുമെന്നാണ് സൂചന. ഇത്തവണ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ്. 36.2 ഡിഗ്രി സെൽഷ്യസാണ് കണ്ണൂർ ജില്ലയിലെ താപനില.
കഴിഞ്ഞ 24 മണിക്കൂറിൽ കോട്ടയത്തും ആലപ്പുഴയിലും 35 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. 34 ഡിഗ്രി സെൽഷ്യസാണ് കൊച്ചിയിലെയും കോഴിക്കോടെയും താപനില. എല്ലാ ജില്ലകളിലും പകൽ സമയങ്ങളിലെ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നിട്ടുണ്ട്. അതേസമയം, രാത്രികാലങ്ങളിൽ 21 ഡിഗ്രി സെൽഷ്യസ് മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില.