മഹാരാജാസ് കോളേജില്‍ അടിയോടടി!, മരതടികൊണ്ടും ഇടിവളകൊണ്ടും അടി, 3 കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് പരിക്ക്



കൊച്ചി:എറണാകുളം മഹാരാജാസ് കോളേജിൽ സംഘര്‍ഷം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് കെഎസ്‍യു ആരോപിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് കെഎസ്‍യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലോടെയാണ് എറണാകുളം മഹാരാജാസ് കോളേജ് ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മരതടികള്‍ കയ്യിലെടുത്ത് അടിക്കുന്നതും വിദ്യാര്‍ത്ഥികളെ ഓടിച്ചിട്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.മരക്ഷണം കൊണ്ടും ഇടിവളകൊണ്ടും മറ്റുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നും കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‍യുവിന് വേണ്ടി പ്രവര്‍ത്തിച്ചവരെയാണ് മര്‍ദിച്ചതെന്നും കെഎസ്‍യു നേതാക്കള്‍ ആരോപിച്ചു. കെഎസ്‍യു പലസ്തീന്‍ അനുകൂല പരിപാടി നടത്തിയതും പ്രകോപനത്തിന് കാരണമായെന്നും ഇവര്‍ ആരോപിച്ചു. പലസ്തീന്‍ അനുകൂല പരിപാടി നടത്താന്‍ ഇവിടെ എസ്എഫ്ഐ ഉണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്നു കെഎസ്‍യു ആരോപിച്ചു. എന്നാല്‍, സംഘര്‍ഷം തുടങ്ങിയത് കെഎസ്‍യുവാണെന്ന് എസ്എഫ്ഐ ആരോപിച്ചു.

Previous Post Next Post