ഒന്നോ രണ്ടോ ദിവസമല്ല, ഒറ്റ ചാർജിൽ 50 വർഷത്തെ ആയുസ്സ്; അത്ഭുത ബാറ്ററിയുമായി ചൈനീസ് കമ്പനി! -റിപ്പോര്‍ട്ട്



ദില്ലി: മൊബൈൽ ഫോണുകളിൽ 50 വർഷം ചാർജ് നീണ്ടുനിൽക്കുന്ന ആണവ ബാറ്ററി കണ്ടുപിടിച്ചെന്ന അവകാശവാദവുമായി ചൈനീസ് കമ്പനിയായ ബീറ്റവോൾട്ട് ടെക്നോളജി രം​ഗത്ത്. ഊർജരം​ഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തമാണെന്നാണ് കമ്പനിയുടെ അവകാശവാദം. ഉപയോ​ഗം വിജയകരമാണെങ്കിൽ ചാർജിംഗ് രീതികളിൽ വലിയ മാറ്റമാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. ആണവോർജ ബാറ്ററികളുടെ ചെറുപതിപ്പ് എന്ന ആശയമാണ് കണ്ടെത്തലിലേക്ക് നയിച്ചതെന്ന് കമ്പനി പറയുന്നു. വിൻഫ്യൂച്ചറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യദ ഫിനാന്‍ഷ്യല്‍  എക്സ്പ്രസ് റിപ്പോര്‍ട്ട് തുടങ്ങിയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോർട്ട് അനുസരിച്ച് നാണയത്തേക്കാൾ ചെറിയ മോഡുലാർ ഘടനയിൽ 63 ന്യൂക്ലിയർ ഐസോടോപ്പുകൾ ഉൾക്കൊള്ളുന്നതാണ് ബിവി 100 ബാറ്ററി. ഈ ചെറിയ പവർഹൗസിന് 100 മൈക്രോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നും കമ്പനി പറുന്നു.ബഹിരാകാശ പേടകങ്ങളിലും പേസ് മേക്കറുകളിലും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയ്ക്ക് സമാനമായ ആശയമാണ് കണ്ടെത്തലിലേക്ക് നയിച്ചത്. പ്ലൂട്ടോണിയത്തിന് പകരം ഡയമണ്ട് അർധചാലക പാളിയും നിക്കൽ ഐസോടോപ്പുമാണ് ഉപയോ​ഗിക്കുന്നത്. അതുകൊണ്ടുതന്നെ റേഡിയേഷൻ ചോർച്ച തുടങ്ങിയ അപകട സാധ്യതയും ഉണ്ടാവില്ലെന്ന് കമ്പനി പറയുന്നു. ന്യൂക്ലിയർ ബാറ്ററികളുടെ ആശങ്കകളെ അതിജീവിക്കുന്ന സുരക്ഷാ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് ബാറ്ററി. സ്ഥിരതയുള്ള മൂന്ന് വോൾട്ട് വോൾട്ടേജും 15 x 15 x 5mm അളവുമുള്ള  ബാറ്ററി -60 മുതൽ 120 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ തടസ്സമില്ലാതെ പ്രവർത്തിക്കാൻ സാധിക്കും വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ബാറ്ററികൾ ഒരിക്കലും പൊട്ടിത്തെറിക്കില്ലെന്ന് കമ്പനി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നു. നിലവിൽ ബാറ്ററി പരീക്ഷണ ഘട്ടത്തിലാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണം സാധ്യമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ന്യൂക്ലിയർ ബാറ്ററി സ്മാർട്ട്ഫോണുകളിലേക്ക് എങ്ങനെ സംയോജിപ്പിക്കുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. 

Previous Post Next Post