കൊച്ചി: പിതൃഭവനത്തിനോടു ചേര്‍ന്നുള്ള സ്വകാര്യക്ഷേത്രത്തില്‍ വേവിച്ച കോഴിയിറച്ചി സമര്‍പ്പിക്കാന്‍ കുടുംബത്തിന് അനുവാദം നല്‍കി ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്.
വേവിച്ച മാംസം ഇവിടെ പരമ്പരാഗതമായി സമര്‍പ്പിക്കാറുണ്ടെന്നതിനാല്‍ ആചാരത്തിന് ആര്‍ഡിഒയും അനുവാദം നല്‍കിയിരുന്നു. ഇതും പരിശോധിച്ചതിന് ശേഷമാണ് കോടതി കോഴിയിറച്ചി സമര്‍പ്പണത്തിന് കുടുംബത്തിന് അനുവാദം നല്‍കിയിരിക്കുന്നത്.
നിയമം അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും ഇവിടുത്തെ ആചാരങ്ങളിലുള്‍പ്പെടെ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പു വരുത്തണമെന്നും കോടതി ചൂണ്ടിക്കാണിച്ചു.
മൂന്ന് ദിവസമാണ് ഈ ക്ഷേത്രത്തിലെ ഉത്സവം നടക്കാറുള്ളത്. തിറ മഹോത്സവം എന്ന പേരില്‍ നടത്തുന്ന ഉത്സവം എല്ലാ വര്‍ഷവും നടത്താറുണ്ട്. 500 വര്‍ഷമായി പരമ്പരാഗതമായി കുടുംബം അനുഷ്ഠിച്ച് പോരുന്ന ആചാരമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. കുടുംബത്തിലെ തന്നെ മുതിര്‍ന്ന അംഗമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കോഴി വീട്ടില്‍ വളര്‍ത്തുന്നതാണെന്നും ആര്‍ട്ടിക്കിള്‍ 25 പ്രകാരം വന്യമൃഗ സംരക്ഷണത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. കുടുംബത്തിലെ തന്നെ മറ്റൊരംഗമാണ് ഈ ആചാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ഡിഒയുടെ ഉത്തരവിനെതിരെ പരാതി നല്‍കിയത്. ഇതിനെതിരെയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.