തിരുവനന്തപുരം: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. രാവിലെ 9 മണിക്ക് വേദിയിലെത്തിയ ഗവർണറും മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ റിപ്പബ്ലിക് ദിന പരിപാടികൾ നടന്നുവരികയാണ്.കേന്ദ്രസർക്കാറിന്റെ വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടൽ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണെന്നും ഗവർണർ പറഞ്ഞു.
ഇടുക്കിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഐഡിഎ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി. എറണാകുളം ജില്ലയിൽ മന്ത്രി കെ രാജനും, മലപ്പുറത്ത് എംഎസ്പി പരേഡ് ഗ്രൗണ്ടിൽ മന്ത്രി ജിആർ അനിലും, കോഴിക്കോട് വിക്രം മൈതാനിയിൽ മന്ത്രി മുഹമ്മദ് റിയാസും പതാക ഉയർത്തി. തേക്കിൻകാട് മൈതാനത്ത് മന്ത്രി കെ.രാധാകൃഷ്ണനും, പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടിയും വയനാട്ടിൽ മന്ത്രി എകെ ശശീന്ദ്രനും കൊല്ലത്ത് മന്ത്രി ഗണേഷ് കുമാറും പതാക ഉയർത്തി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് നടക്കും. വൈകീട്ട് 6 മണിക്കാണ് വിരുന്ന്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുവരും പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. നയപ്രഖ്യാപനം പ്രസംഗം ഗവർണർ വെട്ടിചുരുക്കിയതിൽ സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അറ്റ് ഹോമിന് സർക്കാർ 20 ലക്ഷം അനുവദിച്ചിരുന്നു.