'ചക്രവാളത്തിൽ അസ്തമിച്ച് പോകുന്ന സൂര്യനല്ല ആലഞ്ചേരി, തെറ്റ് ചെയ്തെന്ന് കരുതുന്നില്ല': മേജര്‍ ആര്‍ച്ച് ബിഷപ്പ്



കൊച്ചി: മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് കര്‍ദിനാള്‍‌ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണയുമായി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ചക്രവാളത്തിൽ അസ്തമിച്ചു പോകുന്ന സൂര്യൻ അല്ല കർദിനാൾ ആലഞ്ചേരിയെന്ന് പറഞ്ഞ മാർ റാഫേൽ തട്ടിൽ അദ്ദേഹം തെറ്റ് ചെയ്തെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി. ആലഞ്ചേരി ഏറെ യാതനകളിലൂടെ കടന്നു പോയി എന്നും ഇത് അദ്ദേഹം തെറ്റ് ചെയ്തത് കൊണ്ടാണെന്ന് കരുതുന്നില്ലെന്നും  മേജർ ആർച്ച് ബിഷപ്പ് വ്യക്തമാക്കി.സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി ഇന്ന് ചുമതലയേറ്റ മാർ റാഫേൽ തട്ടിൽ നന്ദിപ്രസം​ഗത്തിലാണ് ഇപ്രകാരം പറഞ്ഞത്. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കഴിഞ്ഞ ഡിസംബർ 7ന് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സിനഡ് ചേർന്ന് മാർ റാഫേൽ തട്ടിലിനെ സഭ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തത്. സിറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായിട്ടാണ് മാർ റാഫേൽ തട്ടിൽ ഇന്ന് ചുമതലയേറ്റ്. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു സ്ഥാനാരോഹണം. വിവിധ സഭാ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. സിറോ മലബാർ ആസ്ഥാനത്തായിരുന്നു ലളിതമായ ചടങ്ങ്. സെന്റ് തോമസ് മൗണ്ട് ചാപ്പലിൽനിന്ന് മെത്രാൻമാരും വൈദികരും പ്രദക്ഷിണമായി നിയുക്ത മേജർ ആർച്ചുബിഷപ്പിനെ വേദിയിലേക്ക് ആനയിച്ചു. സഭാംഗങ്ങളെയും പ്രൗഢമായ സദസിനെയും സാക്ഷിയാക്കി സിറോ മലബാർ സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു സ്ഥാനാരോഹണം. സ്ഥാനിക ചിഹ്നങ്ങളണിയിച്ച് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ അവരോധിച്ചു. പ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റ സഭാധ്യക്ഷനെ സഭാകൂട്ടായ്മയുടെ പ്രതീകമായി മെത്രാൻമാർ ആശ്ലേഷിച്ച് സ്നേഹം പങ്കിട്ടു. 

Previous Post Next Post