ടൂൾസ് കൂടെ കരുതാറില്ല, ആയുധം കരിങ്കല്ല്; ഏഴ് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി എട്ടാം ശ്രമത്തിനിടെ പിടിയിൽ



തിരുവനന്തപുരം: പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ക്ഷേത്ര മോഷണങ്ങൾ നടത്തിയ പ്രതി എട്ടാമത്തെ ക്ഷേത്ര മോഷണത്തിൽ പിടിയിലായി. പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്ഷേത്ര മോഷണങ്ങൾ പതിവായിരുന്നു. ഒരു മാസത്തിനുള്ളിലാണ് ഏഴ് ക്ഷേത്രങ്ങളിൽ മോഷണo നടന്നത്.  എട്ടാമത്തെ ക്ഷേത്ര  മോഷണ ശ്രമത്തിൽ കള്ളൻ പൊഴിയൂർ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.കഴിഞ്ഞ  ദിവസം രാത്രി കാരോട് പൊൻകുഴി ഭൂതത്താൻ ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പൊഴിയൂർ സ്വദേശിയായ  നടരാജൻ (42) പിടിയിലായത്. ഒരു മാസത്തിനുള്ളിൽ പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഏഴ് ക്ഷേത്രങ്ങളിലാണ് മോഷണം നടത്തിയത്. ഏഴ് മോഷണരീതിയും ഓരോ രീതിയിലാണ്. കൈയ്യിൽ മോഷണത്തിനായി ആയുധങ്ങൾ ഒന്നും മുൻകൂട്ടി കരുതില്ല എന്നത് ആണ് പ്രതിയുടെ പ്രത്യേകത. പകരം സമീപത്ത് നിന്നും കരിങ്കല്ലെടുത്ത് വാതിൽ തകർത്ത് മോഷണം നടത്തുന്നതാണ് പ്രതിയുടെ  രീതിയെന്ന് പൊലീസ് പറഞ്ഞു. പൊഴിയൂർ മേഖലയിൽ ക്ഷേത്ര മോഷണം തുടർക്കഥ ആയതോടെയാണ് പൊലീസ് പട്രോളിംഗ് ശക്തമാക്കാൻ തീരുമാനിച്ചത്. പൊലീസ് സംഘങ്ങൾ രാത്രി  ഒരു മണിക്ക് ശേഷം ക്ഷേത്രങ്ങൾ  കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കള്ളൻ പിടിയിലായത്. മറ്റ് ഏഴ് ക്ഷേത്രങ്ങളിലും മോഷണം നടത്തിയത് താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Previous Post Next Post