കാറുകളും ഓട്ടോറിക്ഷകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.


മാവേലിക്കര : തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിൽ കാറുകളും ഓട്ടോറിക്ഷകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരുമലക്കടവിലെ ട്രാഫിക് സിഗ്നലിനോട് ചേർന്ന് ഇന്നലെ വൈകിട്ട് 4.30നായിരുന്നു അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർ നിരണം സ്വദേശി സോണിക്ക് പരിക്കേറ്റു. ഇയാളെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാവേലിക്കര ഭാഗത്തു നിന്നും തിരുവല്ലയിലേക്ക് അമിതവേഗതയിൽ വന്ന കാർ സിഗ്നൽ മറികടക്കുന്നതിനിടയിൽ മുന്നിലെ ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയും നിയന്ത്രണം വിട്ട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന് പിന്നിലേക്ക് ഇടിച്ചു കയറുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ ഡ്രൈവർ റോഡിലേക്ക് തെറിച്ച് വീഴുകയും നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിർ ദിശയിലെ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറിയതോടെ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന മറ്റ് രണ്ട് ഓട്ടോറിക്ഷകൾക്കും, രണ്ട് കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മാന്നാർ പൊലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
Previous Post Next Post