ഡല്‍ഹി മദ്യനയ കുംഭകോണം; കെജ്രിവാളിന്‌ നാലാം തവണയും സമന്‍സ് അയച്ച് ഇഡി

ന്യൂഡല്‍ഹി : മദ്യനയ കുംഭകോണ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ വീണ്ടും ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജനുവരി 18ന്‌ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ്‌ ഇഡിയുടെ സമന്‍സ്. കഴിഞ്ഞ മൂന്ന് തവണ ആവശ്യപ്പെട്ടപ്പോഴും കെജ്രിവാള്‍ ചോദ്യം ചെയ്യലിന്‌ ഹാജരായിരുന്നില്ല.

നേരത്തേ ജനുവരി 3ന്‌ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കെജ്രിവാള്‍ തയ്യാറായിരുന്നില്ല. 2023 നവംബര്‍ 2നും ഡിസംബര്‍ 21നും ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കെജ്രിവാള്‍ അതെല്ലാം അവഗണിക്കുകയായിരുന്നു.

മൂന്നാം തവണയും ഹാജരാകാതിരുന്നതോടെ ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്യും എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത്തരം അഭ്യൂഹങ്ങള്‍ ഇഡി തള്ളിയിരുന്നു.

അതേസമയം ഡല്‍ഹി മദ്യനയത്തില്‍ യാതൊരു വിധത്തിലുള്ള അഴിമതികളും നടന്നിട്ടില്ല എന്നാണ്‌ കെജ്രിവാള്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്. തെളിവില്ലാതെയാണ്‌ കേസില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയിലില്‍ കിടക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. 

കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിംഗും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്‌.
Previous Post Next Post