ന്യൂഡൽഹി: ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ. ജമ്മു കശ്മീർ സ്വദേശിയും നിരവധി ഭീകരാക്രമണകേസുകളിൽ പ്രതിയുമായ ജാവേദ് അഹമ്മദ് മട്ടൂവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഉച്ചയോടെയായിരുന്നു ഇയാൾ പിടിയിലായത്. ഡൽഹി പോലീസിന്റെ പ്രത്യേക സംഘമായിരുന്നു നിർണായക നീക്കത്തിനൊടുവിൽ ഇയാളെ പിടികൂടിയത്. ഭീകരാക്രമണം ലക്ഷ്യമിട്ടാണ് ജാവേദ് ഡൽഹിയിൽ എത്തിയത് എന്നാണ് സംശയിക്കുന്നത് . ഇക്കാര്യം സ്ഥിരീകരിക്കാൻ വിശദമായ അന്വേഷണം ആരംഭിച്ചു.
സോപോരാണ് ജാവേദിന്റെ ജന്മദേശം. ലഷ്‌കർ ഇ ത്വയ്ബയിൽ ചേർന്ന ഇയാൾ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ നിരവധി തവണ പാകിസ്താനിലേക്ക് കടന്നിട്ടുണ്ട്. കശ്മീർ താഴ്‌വരയിൽ 10 ഓളം ഭീകരാക്രമണങ്ങൾ ആണ് ജാവേദിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. വിവിധ കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ തുടരുന്നതിനാൽ തലയ്ക്ക് സുരക്ഷാ സേന അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.