ടെഹ്‌റാൻ: ഇറാൻ-പാകിസ്താൻ മിസൈൽ ആക്രമണ പ്രത്യാക്രമണങ്ങൾക്കിടെ പാകിസ്താന് മുന്നറിയിപ്പുമായി ഇറാനിലെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി.
തങ്ങളുടെ ജനങ്ങളെ കൊലപ്പെടുത്തിയതിന് പാകിസ്താൻ വലിയ വില നൽകേണ്ടി വരുമെന്നും ബലൂച് ലിബറേഷൻ ആർമി നിശബ്ദത പാലിക്കില്ലെന്നും അതിനുള്ള പ്രതികാരം ചെയ്യുമെന്നും പറഞ്ഞ സംഘടന, പാകിസ്താനെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
2000 മുതൽ മേഖലയിൽ പ്രവർത്തിക്കുന്ന വിഘടനവാദി ഗ്രൂപ്പാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി.
ഇന്നലെയാണ് ഇറാന്റെ തെക്കേയറ്റത്തെ പ്രവിശ്യയായ സീസ്റ്റാൻ-ബലൂചിസ്താനിലെ സരാവൻ നഗരത്തിലേക്ക് പാക് വ്യോമസേന ആക്രമണം നടത്തിയത്. ഇതിൽ മൂന്നുസ്ത്രീകളും നാലുകുട്ടികളുമടക്കം ഒമ്പതുപേർ കൊല്ലപ്പെട്ടു.
ബലൂച് വിഘടനവാദസംഘടനകളായ ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ.), ബലൂച് ലിബറേഷൻ ഫ്രണ്ട് (ബി.എൽ.എഫ്.) എന്നിവയുടെ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് പാകിസ്താൻ അറിയിച്ചു. വിഘടനവാദികളുടെ ഏഴു ശക്തികേന്ദ്രങ്ങൾ തകർത്തെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പാക് വ്യോമസേനയുടെ പോർവിമാനങ്ങളും ചാവേർ ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.