നവകേരള സദസ്സില്‍ പങ്കെടുത്തത് ചായ കുടിക്കാന്‍ അല്ല, കർഷകൻ്റെ പ്രശ്നം പരിഹരിക്കണം: ജോസഫ് പാംപ്ലാനി


കണ്ണൂര്‍: നവകേരള സദസ്സില്‍ പങ്കെടുത്തത് കാപ്പി കുടിക്കാനും ചായ കുടിക്കാനും അല്ലെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബ്ബറിന് 250 രൂപ ലഭിക്കുമെന്ന എല്‍ഡിഎഫ് വാഗ്ദാനം നടപ്പിലായില്ല. ഇത് മുഖ്യമന്ത്രിയോട് പറഞ്ഞു. ഗൗരവത്തിൽ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഗൗരവം കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ല കർഷകന്റെ പ്രശ്നം പരിഹരിക്കണമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

കണ്ണിൽ പൊടിയിടുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. അറിഞ്ഞുകൊണ്ട് കബളിപ്പിക്കുന്നതാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. ആസിയാൻ രാജ്യങ്ങളിൽ നിന്നാണ് റബ്ബര്‍ ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി റബ്ബറിന്റെ നികുതി വർദ്ധിപ്പിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ ഇത് ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള റബ്ബർ ഇറക്കുമതിക്ക് ബാധകമല്ലായിരുന്നു. കരാർ ഒപ്പിട്ടത് സർക്കാർ ആണെങ്കിൽ അതിന്റെ ഭാഗമായുണ്ടാകുന്ന പ്രശ്നം പരിഹരിക്കേണ്ടതും സർക്കാരാണെന്നും ബിഷപ്പ് പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിൽ റബർ കർഷകരെ ഉൾപ്പെടുത്തണം. വർഷത്തിൽ 150 ദിവസം റബർ തൊഴിലാളികൾക്ക് ജോലി കിട്ടും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇതിനെക്കുറിച്ച് ചിന്തിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. റബർ സബ്സിഡി കൊടുത്തിട്ട് മതി സർക്കാർ ജീവനക്കാരുടെ ശമ്പളമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

Previous Post Next Post