അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം; പാലാരിവട്ടത്തെ ഉപരോധസമരം അവസാനിപ്പിച്ചു


 

കൊച്ചി : മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. എറണാകുളം ജില്ലാ കോടതി മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച ആറു പ്രവര്‍ത്തകരും ഇന്ന് കോടതിയില്‍ ഹാജരാകണം. ജാമ്യം ലഭിച്ചതോടെ കോണ്‍ഗ്രസ് പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ ഉപരോധ സമരം പിന്‍വലിച്ചു. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ ഏഴു മണിക്കൂറോളം ഉപരോധ സമരം നീണ്ടു. സ്‌റ്റേ്ഷന് മുന്നിലും ജംഗ്ഷനിലും പുലര്‍ച്ചെ രണ്ടു മണിവരെ സമരം നീണ്ടു. പുലര്‍ച്ചെ 1.55ന് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതോടെ രണ്ടു മണിയോടെയാണ് സമരം അവസാനിപ്പിച്ചത്. 

പ്രവര്‍ത്തകര്‍ക്കു ജാമ്യം ലഭിച്ചതോടെയാണ് ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടിജെ വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയ നേതാക്കള്‍ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. സംഭവമറിഞ്ഞു കൂടുതല്‍ പ്രവര്‍ത്തകരെത്തി പാലാരിവട്ടം ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു. ഇതോടെ രണ്ടു മണിക്കൂറോളം വാഹനഗതാഗതവും തടസ്സപ്പെട്ടു. 

ജാമ്യം ലഭിച്ച പ്രവര്‍ത്തകരെ മധുരം നല്‍കിയാണ് നേതാക്കള്‍ സ്വീകരിച്ചത്. പിണറായിയുടെ പൊലീസിന്റെ മുഖത്തേറ്റ അടിയെന്ന് ഹൈബി ഈഡന്‍ എംപി പ്രതികരിച്ചു. നവകേരള സദസ്സിനായി പാലാരിവട്ടം ജങ്ഷനിലൂടെ മുഖ്യമന്ത്രി കടന്നുപോയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇതില്‍ ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.  

യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് ജര്‍ജസ് ജേക്കബ്, വൈസ് പ്രസിഡന്റ് റെനീഷ് നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി വീശിയത്. നേതാക്കളായ സനല്‍ തോമസ്, മുഹമ്മദ് ഷെഫിന്‍, വിഷ്ണു, റഷീദ്, സിയാദ് പി. മജീദ്, സലാം ഞാക്കട തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.
Previous Post Next Post