പഴങ്ങളിൽ നിന്ന് മദ്യം, ഗോവയിൽ നിന്ന് ഫെനി ഉത്പാദനം പഠിച്ച് പയ്യാവൂർ സഹകരണ ബാങ്കും; അനുമതി ഉടൻ


കണ്ണൂർ: പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യ ഉത്പാദിപ്പിക്കുന്നതിനുള്ള സസംസ്ഥാന സർക്കാരിന്റെ അനുമതി ഈ മാസം തന്നെ ഉണ്ടാകുമെന്ന് വിവരം. ധനമന്ത്രി അദ്ധ്യക്ഷനും എക്‌സൈസ്, തദ്ദേശ മന്ത്രിമാരുൾപ്പെടെ എട്ടുപേർ അംഗങ്ങളുമായുള്ള നിയമസഭാ ധനകാര്യ സബ്ജക്ട് കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ ഇക്കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന മദ്യം സർക്കാർ ഏജൻസികൾ മുഖേനെയാണ് വിൽപ്പന നടത്തുക.

കശുമാങ്ങ,കൈതച്ചക്ക,വാഴപ്പഴം തുടങ്ങിയവ ഉപയോഗിച്ച് മദ്യം ഉത്പാദിപ്പിക്കുന്ന പദ്ധതി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാലിത് നീണ്ട് പോവുകയായിരുന്നു.

കശുമാങ്ങാനീരുപയോഗിച്ച് ഫെനി ഉത്പാദിപ്പിക്കാൻ പയ്യാവൂർ സഹകരണ ബാങ്ക് 2016-ൽ തന്നെ അപേക്ഷ നൽകിയിരുന്നു. ഫെനി ഉത്പാദനത്തിന് അനുമതി കിട്ടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കശുവണ്ടി സീസൺ ആരംഭിക്കുമ്പോൾ തന്നെ എല്ലാ സജ്ജീകരണങ്ങളും ബാങ്ക് ഒരുക്കിയിരുന്നു. അനുമതി ലഭിച്ചാലുടൻ ഉത്പാദനം ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നു. ഗോവയിൽ ആളെ അയച്ച് ഫെനി നിർമ്മാണ രീതി വരെ പഠിച്ചിട്ടാണ് അനുമതിക്കായി കാത്തിരിക്കുന്നത്.
Previous Post Next Post