ആനയോട്ടത്തിൽ മുൻനിര ആനകളുടെ എണ്ണം കുറച്ച് ഗുരുവായൂർ ദേവസ്വം ബോർഡ്



തൃശൂർ : ഗുരുവായൂർ ഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന ആനയോട്ടത്തിൽ മുൻനിര ആനകളുടെ എണ്ണം കുറച്ച് ദേവസ്വം ബോർഡ് തീരുമാനം. മുൻനിരയിൽ ഓടിയിരുന്ന ആനകളുടെ എണ്ണം അഞ്ചിൽ നിന്ന് മൂന്നായാണ് കുറച്ചത്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പ് തല ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

ഭക്തരുടെ സുരക്ഷ പരിഗണിച്ചാണ് മുൻനിരയിൽ ഓടുന്ന ആനകളുടെ എണ്ണം കുറച്ചതെന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി കെ വിജയൻ അറിയിക്കുന്നത്. സുരക്ഷയ്ക്ക് മുൻതൂക്കം നൽകിയുള്ള ക്രമീകരണങ്ങൾ ആയിരിക്കും ഗുരുവായൂർ ഉത്സവവുമായി ബന്ധപ്പെട്ട് സ്വീകരിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷത്തെ ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 21നാണ് ആനയോട്ടം നടക്കുക.

തിരഞ്ഞെടുക്കപ്പെട്ട15 ആനകൾ ആയിരിക്കും ആനയോട്ട ചടങ്ങിൽ പങ്കെടുക്കുക. വിദഗ്ധ കമ്മറ്റി നശിക്കുന്ന 5 ആനകളിൽ നിന്നും മൂന്ന് ആനകളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തായിരിക്കും മുന്നിൽ നിർത്തുന്നത്. ആന ചികിത്സകരുടെ വിദഗ്ധ കമ്മിറ്റി ആയിരിക്കും ഈ ആനകളെ തിരഞ്ഞെടുക്കുക.

 ആനയോട്ടം നടക്കുന്ന ദിവസം ഉച്ചയ്ക്ക് ആനകളെ മഞ്ജുളാൽ പരിസരത്ത് അണിനിരത്തും. തുടർന്ന് ക്ഷേത്ര നാഴിക മണി 3 അടിക്കുകയും ശംഖനാദം ഉയരുകയും ചെയ്യുമ്പോൾ മുൻനിരയിലുള്ള മൂന്ന് ആനകൾ ക്ഷേത്ര പരിസരത്തേക്ക് ഓടിയെത്തും. ഇവരിൽ ആദ്യം ക്ഷേത്രത്തിലേക്ക് ഓടിയെത്തുന്ന ആനയായിരിക്കും വിജയിയാവുക. മറ്റ് ആനകൾ ക്ഷേത്രത്തിനു മുൻപിലായി നമസ്കരിച്ച ശേഷം മടങ്ങുന്നതാണ്.

 ആനയോട്ട മത്സരത്തിൽ വിജയിയാകുന്ന ആനയ്ക്കാണ് ക്ഷേത്ര ഉത്സവ ദിവസങ്ങളിൽ ഗുരുവായൂരപ്പന്റെ തിടമ്പ് ശിരസ്സിലേറ്റാനുള്ള ഭാഗ്യം ലഭിക്കുക.
Previous Post Next Post