സമയക്രമം പുറത്ത്! സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ആഘോഷമാകും; പ്രധാനമന്ത്രി നേരിട്ടെത്തും, താരങ്ങളും കൂട്ടത്തോടെ


 

തൃശൂർ: നടനും ബി ജെ പി നേതാവുമായ സുരേഷ് ​ഗോപിയുടെ മകള്‍ ഭാ​ഗ്യ സുരേഷിന് വിവാഹം ഗുരുവായൂരിൽ ഇന്ന് വലിയ ആഘോഷമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ താരങ്ങളും വലിയ നിരതന്നെയുണ്ടാകുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ഗുരുവായൂർ, തൃപ്രയാർ സന്ദർശനങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇതോടെ ഇന്നത്തെ പരിപാടികളുടെ സമയക്രമവും പൂർത്തിയായിട്ടുണ്ട്.രാവിലെ 6.45 ഓടെയാണ് പ്രധാനമന്ത്രി ശ്രീകൃഷ്ണ കോളജ് ഹെലിപ്പാടിലെത്തുന്നത്. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങും മുമ്പ് 2 ഹെലികോപ്റ്ററുകൾ കവചമായി നിലയുറപ്പിച്ചിട്ടുണ്ടാവും. തുടര്‍ന്ന് പ്രധാനമന്ത്രി റോഡ് മാർഗ്ഗം ഗുരുവായൂരെത്തും. ക്ഷേത്ര ദർശനത്തിനു ശേഷം 8.45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തൊട്ടടുത്ത 3 മണ്ഡപങ്ങളിലുമെത്തി നവ ദമ്പതികൾക്ക് ആശംസ അറിയിക്കും. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കുന്ന മോദി 9.45 ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. പത്തുമണിക്ക് ഇവിടെയെത്തുന്ന പ്രധാനമന്ത്രി പതിനൊന്ന് മണിക്ക് കൊച്ചിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് ഗുരുവായൂർ നഗരസഭയിലും കണ്ടാണിശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാ​ഗ്യയുടെ വരന്‍. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

താരങ്ങളും കൂട്ടത്തോടെ

സുരേഷ് ഗോപിയുടെ മകള്‍ ഭാ​ഗ്യ സുരേഷിന് വിവാഹം വലിയ താരസംഗമത്തിന് കൂടിയാകും വേദിയാകുക. ഇന്നലെ തന്നെ മം​ഗളാശംസകള്‍ നേരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം എത്തിയിരുന്നു. സുരേഷ് ​ഗോപിക്കും കുടുംബത്തിനുമൊപ്പം മോഹന്‍ലാലും ഭാര്യ സുചിത്രയും മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറല്‍ ആയിട്ടുണ്ട്.വിവാഹത്തില്‍ പങ്കെടുക്കാന്‍ സിനിമാലോകത്തുനിന്ന് ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങള്‍ എത്തുമെന്നാണ് വിവരം. വിവാഹത്തിന് ശേഷം 19 ന് കൊച്ചിയിലും 20 ന് തിരുവനന്തപുരത്തും വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. സിനിമ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ കൊച്ചിയിലെ വിരുന്നില്‍ പങ്കെടുക്കും. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് തിരുവനന്തപുരത്തെ വിരുന്നിലേക്ക് ക്ഷണം. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹന്‍- ശ്രീദേവി ദമ്പതികളുടെ മകനാണ് ശ്രേയസ്. ആര്‍മിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ബിസിനസ് രം​ഗത്തേക്ക് വന്നയാളാണ് മോഹന്‍. ഭാ​ഗ്യയുടെയും ​ഗോകുല്‍ സുരേഷിന്‍റെയും അടുത്ത സുഹൃത്ത് ആയിരുന്നു ശ്രേയസ്. ആ പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് എത്തിയത്. സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാ​ഗ്യ. പരേതയായ ലക്ഷ്‍മി, നടൻ ഗോകുല്‍, ഭവ്നി, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍. സുരേഷ് ഗോപിക്കും ഗോകുലിനും പിന്നാലെ മാധവും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

Previous Post Next Post