മദ്യപാനം നിര്‍ത്തുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന 'പോസിറ്റീവ്' ആയ മാറ്റങ്ങള്‍



മദ്യപാനം ആരോഗ്യത്തിന് എത്രമാത്രം ദോഷകരമാണെന്നതിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. ഇക്കാര്യത്തെ കുറിച്ച് ഏവര്‍ക്കും കുറഞ്ഞ അവബോധമുള്ളതാണ്. എങ്കിലും പലര്‍ക്കും ഈ ദുശീലം ഉപേക്ഷിക്കാൻ പ്രയാസമാണ് എന്നതാണ് സത്യം. ഇടയ്ക്കുള്ള, മിതമായ രീതിയിലുള്ള മദ്യപാനം ആരോഗ്യത്തിന് അത്രയും വലിയ വെല്ലുവിളിയാകില്ല. എന്നാല്‍ പതിവായ മദ്യപാനം തീര്‍ച്ചയായും പതിയെ മരണത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യം തന്നെയാണ്.

മദ്യപാനം കരളിനെ മാത്രമാണ് ബാധിക്കുകയെന്നാണ് അധികപേരും ചിന്തിക്കുന്നത്. അങ്ങനെയല്ല, കരളും ഹൃദയവും തലച്ചോറും അടക്കം എല്ലാ ആന്തരീകാവയവങ്ങളെയും മദ്യപാനം നേരിട്ടും അല്ലാതെയും പ്രതികൂലമായി സ്വാധീനിക്കാറുണ്ട്. അങ്ങനെയെങ്കില്‍ മദ്യപിക്കുന്ന ഒരാള്‍ ആ ദുശീലത്തില്‍ നിന്ന് ഒഴിവായാല്‍ എന്തെല്ലാം ഗുണങ്ങളാണ് ആരോഗ്യത്തിനുണ്ടാവുക?
 ഇക്കാര്യങ്ങളിലേക്കാണ് നമ്മളിനി പോകുന്നത്...


വണ്ണം

മദ്യപാനം നിര്‍ത്തുന്നതോടെ ശരീരഭാരം കുറയുന്നു. മോശമായ രീതിയിലല്ല ഭാരം കുറയുക, ആരോഗ്യത്തിന് അനുകൂലമായ രീതിയിലാണ്. പൊതുവില്‍ ആല്‍ക്കഹോളിക് ആയ പാനീയങ്ങളില്‍ കലോറി കൂടുതലായിരിക്കും. ഇത് വണ്ണം കൂട്ടും. പ്രത്യേകിച്ച് വയറാണ് മദ്യപരില്‍ കൂടുന്നത്.

ഉറക്കം

മദ്യം കഴിച്ചാല്‍ നന്നായി ഉറങ്ങാൻ സാധിക്കുമെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാലിതൊരു തെറ്റായ ധാരണയാണ്. മദ്യപിച്ച് കിടക്കുമ്പോള്‍ ശരിയായ ഉറക്കം ലഭിക്കില്ല. ഇത് നമ്മുടെ ശാരീരിക- മാനസികാരോഗ്യത്തെ ക്രമേണ മോശമായി ബാധിക്കും. മദ്യപാനം നിര്‍ത്തുമ്പോള്‍ ഉറക്കം കൃത്യമായി കിട്ടും. ഇത് വലിയ മാറ്റങ്ങളാണ് നമ്മളിലുണ്ടാക്കുക. 

തലച്ചോറിന്‍റെ പ്രവര്‍ത്തനം

മദ്യപാനം നിര്‍ത്തുമ്പോള്‍ അത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കുന്നു. പതിവായി മദ്യപിക്കുന്നവരില്‍ ഓര്‍മ്മക്കുറവ്, ശ്രദ്ധക്കുറവ് എല്ലാം കാണുന്നത് സാധാരണമാണ്. ഇത്തരം പ്രശ്നങ്ങളെല്ലാം മദ്യപാനം നിര്‍ത്തുന്നതോടെ പരിഹരിക്കാൻ സാധിക്കും. അതുപോലെ തന്നെ വിഷാദം (ഡിപ്രഷൻ), ഉത്കണ്ഠ (ആംഗ്സൈറ്റി) പോലുള്ള പ്രശ്നങ്ങളും വലിയ രീതിയില്‍ പരിഹരിക്കപ്പെടും. 

സ്കിൻ

നമ്മുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യവും മദ്യപാനം മൂലം കാര്യമായി ബാധിക്കപ്പെടും. അതിനാല്‍ തന്നെ മദ്യപാനം നിര്‍ത്തുമ്പോള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യവും മെച്ചപ്പെടുന്നു. മദ്യം കരളിനെ പ്രശ്നത്തിലാക്കുന്നതാണ് പ്രധാനമായും ചര്‍മ്മത്തെ ബാധിക്കാനിടയാക്കുന്നത്. 
കരളിന്‍റെ ആരോഗ്യം

മദ്യം ഏറ്റവുമധികം ബാധിക്കുന്ന ഒരു അവയവമെന്ന നിലയില്‍ കരള്‍ തന്നെയാണ് മദ്യപാനം നിര്‍ത്തുന്നതോടെ ഏറ്റവും സുരക്ഷിതമാകുന്നത്. ലിവര്‍ സിറോസിസ്, ലിവര്‍ ക്യാൻസര്‍ പോലുള്ള ഗുരുതരമായ അവസ്ഥകളാണ് മദ്യപാനം ഉണ്ടാക്കുക. ഈ വെല്ലുവിളികളെയെല്ലാം മറികടക്കാൻ മദ്യപാനം നിര്‍ത്തുന്നത് സഹായിക്കും. 
Previous Post Next Post