‘നിങ്ങളുടെ സര്‍ക്കാര്‍ നുണ പറയുന്നു’; ബന്ദികളാക്കിയ ഇസ്രയേലികളുടെ വിഡിയോ പുറത്ത് വിട്ട് ഹമാസ്



ബന്ദികളാക്കിയ ഇസ്രയേലികളുടെ വിഡിയോ പുറത്ത് വിട്ട് ഹമാസ്. ഗസ്സയിൽ തടവിലാക്കിയിരിക്കുന്ന മൂന്ന് ഇസ്രയേൽ ബന്ദികളെ കാണിക്കുന്ന വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. പലസ്തീനെതിരായ ആക്രമണം അവസാനിപ്പിക്കാനും യുദ്ധത്തിന്റെ 100ാം ദിവസമെത്തിയതിനാൽ തങ്ങളെ മോചിപ്പിക്കണമെന്നും ബന്ദികൾ പറയുന്ന വിഡിയോ ആണ് പുറത്തായത്.സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ നോവ അര്‍ഗമാനി, യോസി ഷെരാബി, ഇറ്റായി സ്വിര്‍സ്‌കി എന്നിവരാണുള്ളത്. 37 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ തങ്ങളുടെ മോചനം സാധ്യമാക്കണമെന്ന് ബന്ദികള്‍ ഇസ്രയേല്‍ ഭരണകൂടത്തോടാണ് ആവശ്യപ്പെടുന്നത്.അറബിക്കിലും ഹീബ്രൂവിലും ഇംഗ്ലീഷിലും വിഡിയോയില്‍ വാചകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇവരുടെ വിധിയെന്താകുമെന്ന് നാളെ അറിയിക്കാമെന്നും നിങ്ങളുടെ സര്‍ക്കാര്‍ നുണ പറയുകയാണെന്നുമാണ് എഴുതിയിരിക്കുന്ന വാചകങ്ങള്‍.ബന്ദികളെ കുറിച്ചുള്ള ഹമാസിന്റെ വിഡിയോയോട് പ്രതികരിക്കാൻ ഇസ്രയേൽ തയ്യാറായിട്ടില്ല. ഒക്ടോബര്‍ ഏഴിനാണ് ഇസ്രയേലിലെ സംഗീതോത്സവത്തില്‍ വച്ച് നോവ അര്‍ഗമാനിയെ ഹമാസ് തട്ടിക്കൊണ്ടുപോയത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. അതേസമയം ഗസ്സയുമായി അതിര്‍ത്തി പങ്കിടുന്ന ഇസ്രയേലിന്റെ കിഴക്ക് ഭാഗത്ത് നിന്നാണ് ഷെരാബിയെയും സ്വിര്‍സ്‌കിയെയും തട്ടിക്കൊണ്ടുപോയത്.

Previous Post Next Post