‌ഒരു കോടി വീടുകളിൽ 'പുരപ്പുറ സോളാർ'- പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യ തീരുമാനം; 'പ്രധാനമന്ത്രി സൂര്യോദയ് യോജന'യുമായി മോദി



ന്യൂഡൽഹി: രാജ്യത്തുടനീളം ഒരു കോടി വീടുകളിൽ മേൽക്കൂര സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പ്രധാനമന്ത്രി സൂര്യോദയ യോജന' എന്ന പേരിൽ അദ്ദേഹം സോളാർ പദ്ധതി പ്രഖ്യാപിച്ചു. അയോധ്യയിൽ രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ‌ പങ്കെടുത്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. 

ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. അയോധ്യയിൽ നിന്നു മടങ്ങിയെത്തിയതിനു ശേഷമാണ് പദ്ധതി പ്രഖ്യാപിക്കുന്നതെന്നു അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. 

'ലോകത്തിലെ എല്ലാ ഭക്ത ജനങ്ങൾക്കും സൂര്യ വംശിയായ ശ്രീരാമന്റെ പ്രകാശത്തിൽ നിന്നു എല്ലായ്പ്പോഴും ഉർജ്ജം ലഭിക്കുന്നു. ഇന്ന് അയോധ്യയിൽ പ്രാണ പ്രതിഷ്ഠയുടെ ശുഭ മുഹൂർത്തത്തിൽ എന്റെ ദൃഢ നിശ്ചയം കൂടുതൽ ശക്തിപ്പെട്ടു. ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും അവരുടെ വീടുകളിൽ മേൽക്കൂരയിൽ സ്വന്തമായി സോളാർ റൂഫ് ടോപ്പ് സംവിധാനം ഉണ്ടായിരിക്കണം എന്നതാണ് ആ ദൃഢനിശ്ചയം.' 

'ഒരു കോടി വീടുകളിൽ റൂഫ് ടോപ്പ് സോളാർ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സർക്കാർ പ്രധാനമന്ത്രി സൂര്യോദയ യോജന ആരംഭിക്കുന്നു. അയോധ്യയിൽ നിന്നു മടങ്ങിയെത്തിയ ശേഷം ഞാൻ‌ എടുത്ത ആദ്യ തീരുമാനമാണിത്.'

'സോളാർ റൂഫ് പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടേയും വൈദ്യുതി ബിൽ കുറയ്ക്കും. മാത്രമല്ല ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും'- അദ്ദേഹം കുറിച്ചു. 

പദ്ധതി സംബന്ധിച്ചു പ്രധാനമന്ത്രി ഓഫീസിലേയും ഊർജ മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥരുമായി മോദി ചർച്ച നടത്തി. പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി ജനങ്ങൾക്കിടയിൽ അവബോധം നൽകണമെന്ന നിർദ്ദേശവും അദ്ദേഹം നൽകിയതായി റിപ്പോർട്ടുകളുണ്ട്.
Previous Post Next Post