വിദേശ മദ്യവും കേക്കും ചോക്ലേറ്റും അഞ്ച് ലക്ഷം രൂപയും; കൈക്കൂലി കേസിൽ അറസ്റ്റിലായ തഹസിൽദാർക്ക് സസ്‌പെൻഷൻ



പാലക്കാട് : കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പാലക്കാട് ഭൂരേഖ തഹസില്‍ദാരെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തു.

 പാലക്കാട് തഹസിൽദാരുടെ അധിക ചുമതല വഹിച്ചിരുന്ന വി സുധാകരനെയാണ് സസ്പെന്റ് ചെയ്തത്. ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്.

 കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയതിന് ഇയാളെ വിജിലൻസ് പിടികൂടിയിരുന്നു. സ്വകാര്യ മാൾ ഉടമയോട് അഞ്ച് ലക്ഷം രൂപയായിരുന്നു കൈക്കൂലിയായി ചോദിച്ചത്. ഇതിൻ്റെ ആദ്യ ഗഡു 50000 രൂപ വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് പിടികൂടിയത്. 

പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.

ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചിട്ടുണ്ട്. പാലക്കാട് നഗരത്തിൽ തുടങ്ങാനിരിക്കുന്ന മാളിന്റെ ഉടമസ്ഥാവകാശ സർടിഫിക്കറ്റിനായി ഉടമകൾ തഹസിൽദാറെ സമീപിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓരോ തവണ വരുമ്പോഴും ഓരോ ആവശ്യങ്ങൾ പറഞ്ഞ് തഹസിൽദാര്‍ ഇവരെ മടക്കുകയായിരുന്നു.

 ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഉടമസ്ഥാവകാശ സർടിഫിക്കറ്റ് നൽകാതെയാണ് അപേക്ഷകനെ ഒരു വർഷത്തോളം ഓഫീസ് കയറ്റി ഇറക്കിയത്.

കോടതി ഉത്തരവിന്റെ പകർപ്പ് ഉൾപ്പെടെ അപേക്ഷയോടൊപ്പം നൽകിയെങ്കിലും വലിയ ചെലവ് ചെയ്യേണ്ടി വരുമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ പക്ഷം. പുതുവത്സരത്തലേന്ന് ഓഫീസിലെത്തിയ മാൾ ഉടമകളോട് തഹസിൽദാർ വിദേശ മദ്യവും കേക്കും ചോക്ലേറ്റും ആവശ്യപ്പെട്ടിരുന്നു. പറഞ്ഞതു പോലെ എല്ലാം നൽകിയപ്പോൾ അഞ്ച് ലക്ഷം രൂപ നൽകണമെന്നായി അടുത്ത ആവശ്യം. ഇതിന്റെ ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ നൽകാനായിരുന്നു മാളുടമകളോട് ആവശ്യപ്പെട്ടത്. 

ഇതോടെ ഗതികെട്ട് ഉടമകൾ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദേശപ്രകാരം മാളുടമകൾ അരലക്ഷം രൂപയുമായെത്തി. പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം തഹസിൽദാറെ കയ്യോടെ പിടികൂടുകയായിരുന്നു.
Previous Post Next Post