ചെന്നൈ-ഹൈദരാബാദ് ചാർമിനാർ എക്സ്പ്രസ് പാളം തെറ്റി. ചെന്നൈയിലേക്കുള്ള യാത്രാമധ്യേ ട്രെയിൻ നംപശ്ശി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടം. ട്രെയിൻ നിർത്തുന്നതിനിടയിൽ, ട്രാക്കിൽ നിന്ന് തെന്നിമാറുകയായിരുന്നു. തുടർന്ന് പ്ലാറ്റ്‌ഫോമിന്റെ പാർശ്വഭിത്തിയിൽ ഇടിച്ചു. ട്രെയിനിന്റെ രണ്ട് ബോഗികൾ പാളം തെറ്റിയതായാണ് റിപ്പോർട്ട്. അപകടത്തിൽ യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. റെയിൽവെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ കാരണം സംബന്ധിച്ച് അടിയന്തര അന്വേഷണം നടക്കുകയാണെന്ന് റെയിൽവേ അറിയിച്ചു.