കോട്ടയം: വീട്ടുജോലിക്കെത്തി മോഷണം നടത്തിയ ശേഷം അന്യസംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ നിമിഷങ്ങൾക്കകം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിനിയായ അസിയാബാനു എന്ന് വിളിക്കുന്ന ആതിഫാ ഖാട്ടൂൺ (24) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കൊല്ലാട് സെന്റ് പോൾസ് ചർച്ചിന് സമീപമുള്ള മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ ഒരു മാസത്തോളമായി വീട്ടുജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞദിവസം ഉദ്യോഗസ്ഥൻ അമ്മയെ തനിച്ചാക്കി ആശുപത്രിയിൽ പോയ സമയത്ത് ഇവർ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി നാല്പതിനായിരം രൂപയും, അമ്മയുടെ കഴുത്തിൽ കിടന്നിരുന്ന മൂന്നുപവൻ വരുന്ന സ്വർണ്ണമാലയും മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. തുടർന്ന് ഇയാൾ ഈ വിവരം കോട്ടയം ഈസ്റ്റ് പോലീസിൽ അറിയിക്കുകയും, കോട്ടയം ഈസ്റ്റ് പോലീസ് ഉടനടി കോട്ടയം ടൗൺ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ ഇവരെ മാലയും പണവുമായി അന്യസംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ മാരായ ദിലീപ് കുമാർ, സന്ദീപ്, സജി എം.പി, ബിജുമോൻ നായർ, സി.പി.ഓ മാരായ പ്രതീഷ് രാജ്, യേശുദാസ്, അജിത്, വിബിൻ, അജേഷ്,ഗിരീഷ് കുമാർ അനൂപ് വിശ്വനാഥ്, പുഷ്പകുമാരി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു
കോട്ടയത്ത് മോഷണ കേസിൽ നിമിഷങ്ങൾക്കകം പ്രതി പിടിയിൽ.
jibin
0