ഗാന്ധിനഗര്‍ : ഗാന്ധിനഗറില്‍ മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ ഇരവിമംഗലം ലക്ഷംവീട് കോളനിയിൽ കരിവേലിപറമ്പിൽ വീട്ടിൽ (ആർപ്പൂക്കരയിൽ ഇപ്പോൾ താമസം) സനീഷ് (36) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇയാൾ കോട്ടയത്തേക്ക് വില്പനയ്ക്കായി എം.ഡി.എം.എ യുമായി എത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ഗാന്ധിനഗര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മെഡിക്കൽ കോളേജിന് സമീപം വച്ച് എം.ഡി.എം.എ യുമായി ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്. പരിശോധനയിൽ 04.30 ഗ്രാം എം.ഡി.എം.എ യും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ അനുരാജ് എം.എച്ച്, കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.