ഒരാൾ ചുഴിയിൽപ്പെട്ടു രക്ഷിക്കാൻ മറ്റേയാൾ എത്തി; മലപ്പുറത്ത് സഹോദരങ്ങൾ മുങ്ങി മരിച്ചു





മലപ്പുറം അകമ്പാടത്ത് സഹോദരങ്ങള്‍ മുങ്ങി മരിച്ചു. പെട്രോള്‍ പമ്പിന് സമീപം ഇടിവണ്ണപുഴയില്‍ വീണാണ് അപകടം. അകമ്പാടം ബാബു – നസീറ ദമ്പതികളുടെ മക്കള്‍ റിന്‍ഷാദ്(14), റാഷിദ് (12) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.നിലമ്പൂർ ഇടിവണ്ണയിൽ ചാലിയാറിൽ ആണ് കുട്ടികൾ മുങ്ങിമരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം റിൻഷാദും റാഷിദും ചാലിയാറിലെ ഇടിവണ്ണയിലെ കടവിൽ കുളിക്കാനെത്തിയത്. ഇരുവരും നീന്തൽ അറിയുന്നവരാണ്. ഒരാൾ ചുഴിയിൽപ്പെട്ടതോടെ രക്ഷിക്കാനായാണ് മറ്റേയാൾ ശ്രമിച്ചത്. ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു. ക്രിക്കറ്റിലും ഫുട്ബോളിലും മികവ് തെളിയിച്ചിട്ടുള്ള സഹോദരങ്ങളുടെ മരണം അകമ്പാടം ഗ്രാമത്തിന് തീരവേദാനയായി മാറി.


ഒപ്പമുണ്ടായിരുന്നവർ ബഹളം വെച്ചത് കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് റിൻഷാദിനെയും റാഷിദിനെയും പുറത്തെടുത്തത്. കരയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. മൃതദേഹം നിലമ്പൂർ സർക്കാർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


സംഭവത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post