മൈലപ്ര കൊലപാതകത്തിൽ മുഖ്യസൂത്രധാരന്‍ ഓട്ടോ ഡ്രൈവര്‍; ജോര്‍ജിനെ കഴുത്ത് ഞെരിച്ച് കൊന്നത് അക്രമം ചെറുത്തപ്പോൾ



 പത്തനംതിട്ട: വ്യാപാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവരെ വൈകാതെ കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. പ്രതികളെ സഹായിച്ചവരെയും കണ്ടെത്തുകയാണ്. ഇതിനായുള്ള ശ്രമമാണ് നടത്തുന്നതെന്നും പോലീസ് പറഞ്ഞു.പത്തനംതിട്ട കുലശേഖരപതിയായ ഓട്ടോ ഡ്രൈവര്‍ ഹാരിബ്, തമിഴ്‌നാട് തെങ്കാശി സ്വദേശികളായ മുരുകന്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഓട്ടോ ഡ്രൈവര്‍ നേരത്തെ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. മുരുകനെയും ബാലസുബ്രഹ്മണ്യനെയും തെങ്കാശിയില്‍നിന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാര്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. സ്വര്‍ണവും പണവും കൈക്കലാക്കുന്നതിന് വേണ്ടി നടത്തിയ കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഓട്ടോ ഡ്രൈവറാണ്. അക്രമം ചെറുത്തപ്പോൾ ജോർജിനെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ എന്നിവ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചാണ് പ്രതികള്‍ കൃത്യം നടത്തിയത്. എന്നാല്‍, കൊല നടന്ന ദിവസം പകല്‍ രണ്ടിനും വൈകീട്ട് ആറിനും സംസ്ഥാന പാതയിലൂടെ കടന്നുപോയ വാഹനങ്ങളുടെ ഡാഷ് ബോര്‍ഡ് കാമറകളില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന കിട്ടിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഓട്ടോറിക്ഷയിലേക്ക് അന്വേഷണം നീളുകയും ഇത് ഏഴംകുളം തൊടുവക്കാട് സ്വദേശിയുടേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഓട്ടോ ഉടമയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഓട്ടോ അടൂര്‍ സ്വദേശിക്ക് വിറ്റെന്ന് പറഞ്ഞു. വാഹന വ്യാപാരിയായ അടൂര്‍ സ്വദേശി താന്‍ ഓട്ടോ വിറ്റത് പത്തനംതിട്ട കുലശേഖരപതി സ്വദേശിക്കാണെന്ന് മൊഴി നല്‍കി. തുടര്‍ന്നാണ് കുലശേഖരപതി സ്വദേശിയായ ഹാരിബിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ മോഷണത്തിന്‍റെ ചുരുളഴിഞ്ഞെങ്കിലും പ്രതികളെ കിട്ടിയില്ല. ഓട്ടോ ഡ്രൈവര്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. പത്തനാപുരം, കോട്ടയം, കുറിച്ചി എന്നിവിടങ്ങളില്‍ ബാങ്ക് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയായ പത്തനാപുരം സ്വദേശി ഫൈസല്‍ രാജിന്‍റെ ബന്ധുവുമാണ്. തമിഴ്‌നാട്ടിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് ഫൈസല്‍ രാജ് തെങ്കാശിയിലെ കോടതിയില്‍ പോയപ്പോള്‍ കുലശേഖരപതി സ്വദേശിയായ ഓട്ടോക്കാരനും ഒപ്പം പോയിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട മോഷ്ടാക്കളെയും കൂട്ടിയാണ് മൈലപ്രയില്‍ കവര്‍ച്ചയ്ക്ക് ആസൂത്രണം നടത്തിയതെന്നും കണ്ടെത്തി.

Previous Post Next Post