ഏകോപനം പിഴച്ചില്ല; ശബരിമലയിൽ വിവാദങ്ങളില്ലാതെ ജ്യോതിദർശനം



പത്തനംതിട്ട: അതീവശ്രദ്ധയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചപ്പോൾ മകരവിളക്ക് ഉത്സവം വിവാദങ്ങളില്ലാതെ അവസാനിച്ചു. മകരവിളക്കിൽ ഉണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത് വലിയ ഒരുക്കങ്ങളാണ് സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും നടത്തിയിരുന്നത്. മണ്ഡലകാലത്തിന്റെ തുടക്കം മുതല്‍ക്കുണ്ടായ തിരക്ക് സംബന്ധിച്ച പരാതി മകരവിളക്കിന് ഉണ്ടാകരുതെന്ന് സര്‍ക്കാർ ഉറപ്പിച്ചിരുന്നു. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് മകരവിളക്കുമായി ബന്ധപ്പെട്ട് സന്നിധാനത്തും മറ്റ് വ്യൂ പോയിന്റുകളിലും ഒരുക്കിയിരുന്നത്. ഏകോപനത്തിലൂടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർക്കായി. സന്നിധാനത്തും പമ്പയിലും എരുമേലിയിലുമെല്ലാം മികച്ച ശുചിത്വ ക്രമീകരണങ്ങൾ ഒരുക്കാനും സർക്കാരിന് സാധിച്ചു. ഇടവേളകളില്ലാതെ ഭക്തപ്രവാഹം ഉറപ്പാക്കാനും ശ്രദ്ധ പുലർത്തിയിരുന്നു. ഇക്കാരണത്താൽ ദര്‍ശനം ആര്‍ക്കും പ്രയാസമുള്ള കാര്യമായില്ല. അത്തരം പരാതികളും ഉയര്‍ന്നില്ല.ദേവസ്വം ബോർഡ്, പോലീസ്, ദുരന്തനിവാരണം, വനംവകുപ്പ്, ആരോഗ്യം കെഎസ്ഇബി, വാട്ടർ അതോറിറ്റി കെഎസ്ആർടിസി, എക്സൈസ് ഉൾപ്പെടെ സേവനരംഗത്ത് ഉണ്ടായിരുന്ന എല്ലാ വകുപ്പുകളും സുഗമമായ തീർത്ഥാടനത്തിന് അക്ഷീണം പ്രയത്നിച്ചു.


ശബരിമല തീർത്ഥാടന ക്രമീകരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗങ്ങൾ നിർണായകമായി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും വിവിധ മന്ത്രിമാരും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടർമാരും അവലോകന യോഗങ്ങൾ നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി.
Previous Post Next Post