മൈലപ്ര കൊലപാതകം: അച്ചൻകോവിലാറിൽ സ്കൂബാ ടീമും; മുങ്ങിത്തപ്പിയത് മൂന്ന് പകലുകൾ; ഒടുവിൽ നിർണായക തെളിവ് കണ്ടെത്തി



പത്തനംതിട്ട: മൈലപ്രയിൽ മോഷണത്തിനിടെ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക തെളിവായ സിസിടിവി ഹാർഡ് ഡിസ്ക് പോലീസ് കണ്ടെടുത്തു. പ്രതികൾ അച്ചകോവിലാറ്റിലേക്ക് എറിഞ്ഞ ഹാർഡ് ഡിസ്കാണ് അന്വേഷണ സംഘം ഇപ്പോൾ കണ്ടെത്തിയത്.  മൈലപ്രയിലെ വ്യാപാരിയായ ജോർജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ എറിഞ്ഞു കളഞ്ഞ ഹാർഡ് ഡിസ്ക് ആണ് അച്ചൻകോവിലാറ്റിൽ നിന്ന് സ്‌കൂബ ടീം കണ്ടെടുത്തത്. മൂന്ന് ദിവസത്തെ അശ്രാന്തപരിശ്രമത്തിനൊടുവിലാണ് സുപ്രധാന തെളിവായ ഹാർ‍ഡ് ഡിസ്ക് കണ്ടെത്തിയത്.അച്ചൻകോവിലാറ്റിലെ വലഞ്ചുഴി ഭാഗത്തുനിന്നാണ് ഹാർഡ് ഡിസ്‌ക് ഇവർ മുങ്ങിയെടുത്തത്. പ്രതികൾ ഹാർഡ് ഡിസ്‌ക് ആറ്റിലേക്ക് എറിഞ്ഞുവെന്നു മൊഴി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തസലത്തിൽ മൂന്ന് ദിവസമായി അന്വേഷണസംഘത്തിന്റെ മേൽനോട്ടത്തിൽ സ്കൂബാ സംഘം മുങ്ങിത്തപ്പൽ നടത്തുകയായിരുന്നു. തെരച്ചിലിനിടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹാർഡ് ഡിസ്‌ക് കണ്ടെടുത്തത്.


പുതിയ തെളിവുകൾ കേസിൽ നിർണായക തെളിവാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഹാർഡ് ഡിസ്‌ക് സാങ്കേതിക വിദഗ്ധരുടെയും സൈബർ പോലീസിന്റെയും സഹായത്തോടെ പരിശോധിക്കാനാണ് തീരുമാനം. ഡിസംബർ 30നാണ് മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയെ പുതുവേലിൽ സ്‌റ്റോഴ്‌സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.മോഷണ ശ്രമത്തിനിടെ ജോർജിനെ പ്രദേശവാസിയും മറ്റ് രണ്ട് പേരും ചേർന്ന് വകവരുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാലയും പണവും കടയിലെ സിസിടിവി ഹാർഡ് ഡിസ്‌കും മോഷ്ടിക്കപ്പെട്ടിരുന്നു. വലഞ്ചുഴി പള്ളിമുരുപ്പേൽ വീട്ടിൽ ഹരീബ് (38), തമിഴ്‌നാട് സ്വദേശികളായ മദ്രാസ് മുരുകന് (42), എം ബാലസുബ്രഹ്മണ്യന് (24) എന്നിവർ കേസിൽ തമിഴ്നാട്ടിൽ നിന്നും അറസ്റ്റിലായി.മോഷ്ടിച്ച സ്വർണമാല വില്പന നടത്തിയ വലഞ്ചുഴി സ്വദേശി നിയാസ് അമാൻ (33) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ തമിഴ്‌നാട് സ്വദേശിയായ ഒരാൾകൂടി പിടിയിലാകാനുണ്ട്. ജില്ലാ പോലീസ് മേധാവി അജിത്തിന്റെയും ഡിവൈഎസ്പി നന്ദകുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Previous Post Next Post