'മഴയത്ത് നല്ല ചൂട് കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും'; സൗജന്യമാണെന്ന് കണ്ടതോടെ വേദിക്കരികിൽ നീണ്ട നിര



കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന പ്രധാന വേദിക്കരികിലെത്തിയാൽ നല്ല ചൂട് കപ്പ പുഴുങ്ങിയതും കാന്താരിയും കഴിച്ച് മടങ്ങാം. അതും ഒരു രൂപ പോലും മുടക്കാതെ സൗജന്യമായി. നാഷണൽ സർവീസ് സ്‌കീമിന്‍റെ നേതൃത്വത്തിലാണ് കലോത്സവ നഗരിയിൽ സൗജന്യമായി കപ്പയും കാന്താരിയും വിതരണം ചെയ്തത്. പ്രധാന വേദിയായ ആശ്രാമം മൈതാനിയിലാണ് എൻഎസ്എസ് സൗജന്യമായി കപ്പ വിതരണം നടത്തിയത്.സൗജന്യമായി ലഭിക്കുന്ന കപ്പ വാങ്ങാൻ വേദിക്കരികിൽ ആളുകളുടെ നീണ്ട നിരയാണ്. വൈകീട്ടത്തെ ചായയ്ക്ക് ഇനി പണം ചെലവാക്കേണ്ടതില്ലല്ലോ എന്നായിരുന്നു ആളുകളുടെ പ്രതികരണം. കുടിവെള്ളവും ജ്യൂസുമൊക്കെ കലോത്സവ വേദിക്കരികിൽ സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ ഭക്ഷണം സൗജന്യമായി നൽകുന്നത് ഇവിടെ ആദ്യമാണ്.കലോത്സവം കാണാനെത്തിയവരും മത്സരാർഥികളും രക്ഷിതാക്കളും എൻഎസ്എസിന്‍റെ സൗജന്യ കപ്പയും കാന്താരിയും കഴിച്ചാണ് മടങ്ങുന്നത്. കലോത്സവ നഗരിയിൽ ഉച്ചയോടെ കനത്ത മഴ ചെയ്തിരുന്നു. ചൂടൊക്കെ മാറി ചെറിയ തണുപ്പ് കൂടി അനുഭവപ്പെട്ട് തുടങ്ങിയതോടെ ചൂട് കപ്പയ്ക്കും ആളുകളുടെ നീണ്ട നിരയായി.

Previous Post Next Post