ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി. കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കി വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് ബിവി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കേസിന്റെ വിചാരണ ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ പ്രതികളെ വിട്ടയക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മഹാരാഷ്ട്ര സര്‍ക്കാരാണ്. ഗുജറാത്ത് സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അവകാശമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പ്രതികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ റദ്ദാക്കിയ സുപ്രീംകോടതി, ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. കേസില്‍ ഇരയുടെ ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും വിധിച്ചു. ഒരു സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു.
കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല ഉത്തരവ് സമ്പാദിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച്,
പ്രതികള്‍ ജയിലിലേക്ക് പോകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ബില്‍ക്കിസ് ബാനു അനുഭവിച്ച ക്രൂരത കൂടി കോടതിക്ക് കണക്കിലെടുക്കേണ്ടതുണ്ട്. ഒരു പ്രതിക്ക് ഇളവ് നല്‍കാവുന്നത് പരിശോധിക്കാനുള്ള സുപ്രീകോടതിയുടെ തന്നെ മുന്‍ ഉത്തരവിനോടും ബെഞ്ച് വിയോജിച്ചു.
2002 ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ ബലാല്‍സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ, 11 പ്രതികളെ ജയില്‍ മോചിതരാക്കിയതിന് എതിരെയയായിരുന്നുഹര്‍ജി.
സ്വാതന്ത്ര്യത്തിന്റെ 75 മത് വാര്‍ഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് പ്രതികളെ ജയില്‍ മോചിതരാക്കിയത്.
15 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. അന്വേഷണ ഏജന്‍സികളുടെ എതിര്‍പ്പ് മറികടന്നു കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ഗുജറാത്ത് ഇവരെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്.
ബില്‍ക്കിസ് ബാനുവിനെ കൂടാതെ മുന്‍ എംപി മഹുവ മൊയ്ത്ര, സിപിഎം പിബി അംഗം സുഭാഷിണി അലി എന്നിവരും ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.