കൊച്ചി: അന്തരിച്ച പഴയകാല നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കെ.ഡി. ജോര്‍ജിന്‍റെ മൃതദേഹം രണ്ടാഴ്ച പിന്നിട്ടിട്ടും എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ തന്നെ. ഏറ്റെടുക്കാന്‍ ആരുമില്ലെന്ന് വ്യക്തമാക്കി ചലചിത്ര പ്രവര്‍ത്തകര്‍ അന്തിമകര്‍മങ്ങള്‍ക്ക് ഒരുങ്ങിയിട്ടും മൃതദേഹം സര്‍ക്കാര്‍ വിട്ടുനല്‍കിയില്ല. ചര്‍ച്ചകള്‍ക്കൊടുവില്‍, കഴിഞ്ഞദിവസം മോര്‍ച്ചറിക്ക് മുന്നിലായിരുന്നു കെ.ഡി. ജോര്‍ജിന്‍റെ പൊതുദര്‍ശനം. നാളെ ജോർജിൻ്റെ സംസ്കാര ചടങ്ങുകൾ നടക്കും. സത്യനും ജയനുമെല്ലാം വെള്ളിത്തിരയിലെത്തിയപ്പോള്‍ ഫ്രെയിമില്‍ കെഡിക്കും ഒരിടമുണ്ടായിരുന്നു. അഭിനയത്തില്‍ നിന്ന് പിന്നീട് കെ.ഡി. ജോര്‍ജ് ശബ്ദകലയിലേക്ക് തിരിഞ്ഞു. പണ്ടുമുതലേ ഒറ്റയ്ക്കായിരുന്നു ജീവിതം. ഒടുവില്‍ ഡിസംബര്‍ 29 ജോര്‍ജിനെയും മരണം വിളിച്ചു. ശബ്ദംകൊണ്ട് തിരിച്ചറിഞ്ഞ വലിയ കലാകാരന്‍റെ ശരീരം ഇപ്പോൾ മോര്‍ച്ചറിയിലാണ്. രണ്ടാഴ്ചയായി മോർച്ചറിയിൽ തന്നെ തുടരുകയാണ് മൃതേദഹം. ഏറ്റെടുക്കാന്‍ ആരുമില്ലെന്ന് ജോര്‍ജിനെ അറിയുന്ന കലാകാരന്‍മാര്‍ മരിച്ച അന്ന് തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എങ്കിലും നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിൻ്റെ അടിസ്ഥാനത്തിൽ ആദ്യം പത്രപരസ്യംകൊടുക്കുകയായിരുന്നു. എന്നാൽ മൃതദേഹം ഏറ്റെടുക്കാൻ ആരും വന്നില്ല. 7 ദിവസം കഴിഞ്ഞ് മൃതദേഹം വിട്ടുനല്‍കാമെന്ന് പൊലീസും കോര്‍പറേഷനും വാക്കുനല്‍കി. എന്നാൽ വാക്കെല്ലാം തെറ്റുകയായിരുന്നു. ഒടുവിൽ മൃതദേഹം സര്‍ക്കാര്‍ തന്നെ സംസ്കരിക്കുമെന്നായി തീരുമാനം. അങ്ങനെ അന്തിമോപചാരവും പൊതുദര്‍ശനവും മോര്‍ച്ചറിക്ക് മുന്നില്‍ തന്നെയാക്കുകയായിരുന്നു. ഇന്നു രാത്രി കൂടി മോര്‍ച്ചറിയിൽ സൂക്ഷിച്ച് നാളെ ജോർജിൻ്റെ സംസ്കാര ചടങ്ങുകൾ നടക്കും.
നടൻ കെ.ഡി. ജോര്‍ജിന്‍റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല, രണ്ടാഴ്ചയായി മോര്‍ച്ചറിയില്‍; നാളെ സംസ്കരിക്കും
jibin
0