പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യ മന്ത്രാലയം



കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്കും കുവൈറ്റികള്‍ക്കും പുതിയ തൊഴിലവസരങ്ങള്‍ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യ മന്ത്രാലയം. ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ ആശുപത്രികളിലേക്കും മെഡിക്കല്‍ സെന്ററുകളിലേക്കും ജീവനക്കാരെ നിയമിക്കുന്നതിന് ഉടന്‍ തന്നെ റിക്രൂട്ട്‌മെന്റ് ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ അറിയിച്ചു.രണ്ടായിരത്തിലധികം നഴ്സുമാരെ നിയമിക്കുകയാണ് ഇവയില്‍ പ്രധാനം. പ്രാദേശികമായോ ബാഹ്യമായോ ഉള്ള കരാറുകളിലൂടെ നൂറുകണക്കിന് നഴ്‌സുമാരെ നിയമിക്കാന്‍ മന്ത്രാലയം ശ്രമിക്കുകയാണ്. സ്വദേശി നഴ്‌സുമാരെ ലഭ്യമായില്ലെങ്കില്‍ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്സുമാരെ റിക്രൂട്ട് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി സ്വദേശി നഴ്‌സുമാരെ ജോലിയിലേക്ക് ആകര്‍ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ മന്ത്രാലയം സ്വീകരിച്ചുവരുന്നു. പ്രോല്‍സാഹനമെന്ന നിലയില്‍ കുവൈറ്റി നഴ്‌സുമാര്‍ക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും നല്‍കിവരുന്നു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലുമായി 22,021 നഴ്സുമാരാണ് ജോലി ചെയ്യുന്നത്. ഇവരില്‍ 1,004 പേര്‍ അഥവാ 4.6 ശതമാനമാണ് സ്വദേശികള്‍. 21,017 ആണ് പ്രവാസി നഴ്‌സുമാരുടെ എണ്ണം. ആകെ നഴ്‌സുമാരുടെ 95.4 ശതമാനം വിദേശികളാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നഴ്സിങ് ജോലികളും മറ്റ് മേഖലകളും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം ഒരു ഇലക്ട്രോണിക് ഡാറ്റാബേസ് സ്ഥാപിച്ചിട്ടുണ്ട്. വാര്‍ഷിക, പഞ്ചവത്സര വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിനായി അഡ്മിനിസ്‌ട്രേഷന്‍, ഹെല്‍ത്ത് സോണുകള്‍, കേന്ദ്ര ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ സ്വയമേവ ബന്ധിപ്പിച്ചിരിക്കുന്നു. നഴ്സുമാര്‍ക്കായുള്ള പുതിയ റിക്രൂട്ട്മെന്റ് പ്ലാന്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ആവശ്യമായ നഴ്സുമാരുടെ എണ്ണം, നിയമിക്കുന്നതിന് അപേക്ഷകര്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയായിട്ടുണ്ട്. പ്രാദേശിക കരാര്‍ കുവൈറ്റികള്‍ക്കും വിദേശികള്‍ക്ക് കുവൈറ്റിലെ സ്ത്രീകളിലുണ്ടായ മക്കള്‍ക്കും രാജ്യമില്ലാത്ത താമസക്കാര്‍ക്കും (ബിദൂനുകള്‍) ഉള്ളതാണ്. പുതിയ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ ഏപ്രില്‍ ആദ്യം നടപ്പാക്കുന്ന പുതിയ ബജറ്റില്‍ ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.


Previous Post Next Post