തൃശ്ശൂർ : ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി ഉടമകള്‍ രക്ഷപ്പെട്ടു. തൃശ്ശൂരിലെ ഇവരുടെ വീട്ടില്‍ ഇ.ഡി. റെയ്ഡിന് എത്തുന്നതിന് തൊട്ടുമുന്‍പാണ് ഇവർ രക്ഷപെട്ടത്. കമ്പനി എം.ഡി കെ.ഡി പ്രതാപന്‍, ഭാര്യയും കമ്പനി സി.ഇ.ഒ.യുമായ ശ്രീന പ്രതാപന്‍, ഡ്രൈവര്‍ സരണ്‍ എന്നിവര്‍ ആണ് ജീപ്പില്‍ കടന്നുകളഞ്ഞത്. ഇവര്‍ക്കായി സംസ്ഥാന വ്യാപകമായി ജാഗ്രതാനിര്‍ദേശം നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ പോലീസിനോട് ആവശ്യപ്പെട്ടു.
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പില്‍ കമ്പനിയുടമ പ്രതാപന്റെ വീട്ടില്‍ ഇ.ഡി ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടരുകയാണ്. ഹൈറിച്ച് കമ്പനി നൂറുകോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി പരിശോധന നടത്തുന്നത്.
തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഹൈറിച്ച്’ കമ്പനി 1630 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത് എന്ന് നേരത്തെ പോലീസ് റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയിന്‍ തട്ടിപ്പാണെന്നാണ് തൃശ്ശൂര്‍ കോടതിയില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ട്.
ഇത് കേരളം കണ്ട ഏറ്റവും വലിയ മണിച്ചെയിന്‍ തട്ടിപ്പാകാന്‍ സാധ്യതയുണ്ടെന്നും ക്രിപ്‌റ്റോകറന്‍സി ഇടപാട് അടക്കം നിരവധി അനുബന്ധസ്ഥാപനങ്ങളും കമ്പനിക്കുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.